കോഴിക്കോട്: ജില്ലയില്‍ മഴയുടെ ശക്തി കുറയുന്നു. അതിനിടെ ഒഴുക്കില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി ഇന്ന് ലഭിച്ചു. വടകര വേളം സ്വദേശി ഫാസിലിന്റെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ മരണസംഖ്യ പതിനാറായി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഒഴിയുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും സജീവമാണ്.
നഗര-ഗ്രാമ പ്രദേശങ്ങളിലെല്ലാം ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ്. കനത്ത മഴയെത്തുടര്‍ന്ന ഗതാഗതം തടസ്സപ്പെട്ട ഷൊര്‍ണ്ണൂര്‍-കോഴിക്കോട് പാതയില്‍ ഗതാഗതം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടങ്ങി. ഷൊര്‍ണ്ണൂര്‍ കോഴിക്കോട് പാതയില്‍ റെയില്‍ വേ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. നിലവില്‍ ഒന്നാമത്തെ ലൈനില്‍ തടസ്സങ്ങള്‍ ഇല്ല. എന്നാല്‍ രണ്ടാമത്തെ ലൈനില്‍ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. കോഴിക്കോട് നിന്നുള്ള റെയില്‍ വേ ഉദ്യോഗസ്ഥരാണ് പാതയില്‍ പരിശോധന നടത്തുക.
നിരവധി വീടുകളില്‍ ഇപ്പോഴും വെള്ളം നിറഞ്ഞു നില്ക്കുന്ന അവസ്ഥയാണ്. മാവൂര്‍, കുന്ദമംഗലം, പന്തീരങ്കാവ്, തിരുവമ്പാടി, കൊയിയത്തൂര് തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിലാണ്. ചാലിയാര്‍ പുഴയിലും പൂനൂര് പുഴയിലും ജലനിരപ്പ് താഴ്ന്നിട്ടില്ല. എങ്കിലും മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ജനങ്ങള്‍ പ്രതീക്ഷയിലാണ്.
നിലവില്‍ ജില്ലയില്‍ 314 ദുരിതാശ്വാസ ക്യാമ്പുകളിലായി അമ്പതിനായിരത്തിലേറെ ആളുകളുണ്ട്. അതേസമയം, പല ക്യാമ്പുകളിലും ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഇല്ലെന്നും പരാതിയുണ്ട്.