ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന് രാതുല്‍ പുരിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി. ഡല്‍ഹിയിലെ 300 കോടി വിലമതിക്കുന്ന ബംഗ്ലാവും 40 ദശലക്ഷം ഡോളറിന്റെ വിദേശ നിക്ഷേപവുമാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് എന്നീ കേസുകള്‍ രാതുല്‍ പുരിക്കെതിരെ നിലവിലുണ്ടായിരുന്നു. രാതുല്‍ പുരിയുടേയും അച്ഛന് ദീപക് പുരിയുടേയും ഉടമസ്ഥതയിലുള്ള മോസര്‍ ബെയര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 300 കോടിയോളം വിലമതിക്കുന്ന ബംഗ്ലാവാണ് കണ്ടുകെട്ടിയത്.
ഡല്‍ഹിയിലെ എ.പി.ജെ അബ്ദുള്‍ കലാം റോഡില്‍ മോസര്‍ ബെയര്‍ ഗ്രൂപ്പിന്റെ പേരിലുള്ള ബംഗ്ലാവാണ് കണ്ടുകെട്ടിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ രാതുല്‍ പുരിയുടെ കമ്പനികളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 1350 കോടിയുടെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം അഗസ്റ്റ വെസ്റ്റലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലൂടെ ലഭിച്ചതെന്ന് കരുതപ്പെടുന്ന രാതുല്‍ പുരിയുടെ 254 കോടിയുടെ ബിനാമി ഓഹരികളും ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ബിനാമി നിയമപ്രകാരമാണ് രാതുല്‍ പുരിയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.