മുംബൈ: യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന ഫൈന്‍ തുക ഉപയോഗിച്ച് വീഡിയോ ഗെയിം കളിച്ച ടിക്കറ്റ് ഉദ്യോഗസ്ഥനെ റെയില്‍വെ പോലീസ് അറസ്റ്റു ചെയ്തു. മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലാണ് സംഭവം.
ചീഫ് ടിക്കറ്റ് എക്സാമിനറായ ബുപേന്ദ്ര വൈദ്യയെയാണ് റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്. 33 ലക്ഷം രൂപയാണ് ഇദ്ദേഹം വീഡിയോ ഗെയിമിനായി ഉപയോഗിച്ചത്. ഗെയിമിന് അടിമയായ ഇയാള്‍ ആദ്യമൊക്കെ ശമ്പളത്തില്‍ നിന്നായിരുന്നു കാശ് കണ്ടെത്തിയത്.
അത് തികയാതെ വന്നപ്പോഴാണ് ടിക്കെറ്റെടുക്കാത്ത യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന പൈസ ഉപയോഗിച്ച് തുടങ്ങിയതെന്ന് അന്വഷണ ഉദ്യോഗസ്ഥന് അറിയിച്ചു. ഇത്തരത്തില്‍ 33 ലക്ഷം രൂപയോളം ബുപേന്ദ്ര ഗെയിം കളിച്ചു തീര്‍ത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
താനെയ്ക്കടുത്തുള്ള വീഡിയോ പാര്‍ലറിലായിരുന്നു ബുപേന്ദ്ര പോയിക്കൊണ്ടിരുന്നത്. ഇത് കടയുടമയും സ്ഥിരികരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ ബുപേന്ദ്രയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഓഡിറ്റ് സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈക്കുലി നല്‍കിയതായും ബുപേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
കള്ളത്തരം കണ്ടുപിടിച്ചതോടെ ഇയാള്‍ക്കെതിരെ പോലീസ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി റെയില്‍വെ അറിയിച്ചു. അതേസമയം ബുപേന്ദ്രയെ അറസ്റ്റു ചെയ്യാന്‍ റെയില്‍വെ തയാറായില്ല. മറിച്ച് പണം തിരിച്ചടക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. ഇതു പ്രകാരം ബുപേന്ദ്ര 5 ലക്ഷം രൂപ റെയില്‍വേയില്‍ തിരിച്ചടച്ചതായി റെയില്‍വേ അറിയിച്ചു.