ന്യൂഡല്‍ഹി: ലോക പ്രശസ്ത ടെലിവിഷന്‍ പരിപാടിയായ ‘മാന്‍ വേഴ്സസ് വൈല്‍ഡി’ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായി എത്തുന്ന എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. ഡിസ്കവറി ചാനലില്‍ രാത്രി 9 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുക. സംപ്രേഷണത്തിനു മുന്‍പേ തന്നെ പരിപാടിയുടെ ട്രെയിലര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
മൃഗ സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി വ്യതിയാനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കാടുകളിലേക്ക് പ്രധാനമന്ത്രി നടത്തുന്ന യാത്ര 180 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയുടെ അറിയപ്പെടാത്തവശം മനസിലാക്കാന്‍ സഹായിക്കുമെന്ന് പരിപാടിയുടെ അവതാരകന് ബിയര്‍ ഗ്രില്‍സ് നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഗ്രില്‍സിനൊപ്പം ചുറുചുറുക്കോടെ സഞ്ചരിക്കുന്ന നരേന്ദ്ര മോദിയെയാണ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ വീഡിയോയില്‍ കാണാന്‍ സാധിച്ചത്. ഗ്രില്‍സിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്ന മോദിക്ക് അദ്ദേഹം ജാക്കറ്റ് നല്കുന്ന കാഴ്ചയുമുണ്ട്. പരിപാടിയുടെ മെയ്ക്കിംഗ് വീഡിയോയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് എപ്പിസോഡ് ചിത്രീകരിച്ചിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സര്‍വൈവല്‍ ഷോയാണ് മാന്‍ വേഴ്സസ് വൈല്‍ഡ്. 2006ലാണ് പരിപാടി ആദ്യമായി സംപ്രേഷണം ചെയ്തത്. പ്രകൃതിയിലേക്ക് ഒരു മനുഷ്യന് നടത്തുന്ന യാത്രയാണ് പരിപാടിയുടെ മുഖ്യ ആശയം. ആ യാത്രക്കിടെ നേരിടുന്ന പ്രതിസന്ധികളും അതേ സമയം കാടിന്റെ മനോഹാരിതയും ഒരു പോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരിപാടിക്ക് ലോകമെമ്പാടും നിരവധി ആരാധാകരാണുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രത്യേക എപ്പിസോഡ് ഡിസ്കവറിയുടെ 12 വ്യത്യസ്ത ചാനലുകളില്‍ ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് സംപ്രേഷണം ചെയ്യുന്നത്.