ന്യൂഡല്‍ഹി: കശ്മീര്മണ്ണിലെ വിഹ്വലതകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്ന ഒരുചിത്രം ഏറെ ചര്‍ച്ചയാകുന്നു. സിആര്‍പിഎഫ് വനിതാ ഓഫീസര്‍ ഡ്യൂട്ടിക്കിടെ ഒരു കശ്മീര്‍ ബാലന് ഹസ്തദാനം ചെയ്യുന്ന ചിത്രമാണ് താഴ്വരയിലെ ഉത്ഘണ്ടകള്ക്ക് അടിസ്ഥാനമില്ലെന്നതിന്റെ തെളിവായി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ ഏറ്റെടുത്തത്.
ആറേഴ് വയസ്സുമാത്രമുള്ള ഒരുകുട്ടി അവന്റെ വീടിനടുത്ത് കാവല്‍ നില്‍ക്കുകയായിരുന്ന വനിതാ ജവാന് യാതൊരു പരിഭ്രമവുമില്ലാതെ കൈകൊടുക്കുന്ന ചിത്രത്തിലെ സൗഹൃദസന്ദേശം കശ്മീരിന്റെ പുതിയമനസ്സാണ് കാണിക്കുന്നതെന്ന് സിആര്‍പിഎഫ് ചൂണ്ടിക്കാട്ടി.
കശ്മീരില്‍ വലിയ അസ്വസ്ഥത നിലനില്ക്കുന്നുവെന്ന വ്യാജ പ്രചാരങ്ങള്‍ വിദേശമാധ്യമങ്ങളടക്കം പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സിആര്‍പിഎഫ് പൊതുസമൂഹവുമായുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളിലൂടെ സംവദിക്കാന്‍ തീരുമാനിച്ചത്.
സൈനിക സാന്നിധ്യമുള്ളതിനാല്‍ ആളുകള്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുന്നില്ല എന്ന വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഇതിന് ചുട്ടമറുപടിയായി കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പൊതുനിരത്തില്‍ കശ്മീര്‍ നിവാസികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് സൈന്യം പ്രചരിപ്പിച്ചിരുന്നു.