മുംബൈ : കശ്മീര്‍ പൗരന്മാരെ വീടുകളിലേയ്ക്ക് ക്ഷണിച്ച് മുംബൈ നിവാസികളുടെ സൗഹൃദസന്ദേശങ്ങള്ക്ക് വന്‍ പിന്തുണ. മുബൈ നിവാസികളായ വൈഭവ് വിശാല്‍, റയ്ന എന്നിവരുടെ ട്വിറ്ററിലൂടെയുള്ള സന്ദേശളോടാണ് നല്ല പ്രതികരണങ്ങള്‍ ഉണ്ടായത്. പെരുന്നാളാഘോഷിക്കാനും മറ്റ് സഹായങ്ങള്‍ക്കുമാണ് കശ്മീര്‍ പൗരന്മാരെ ക്ഷണിച്ചത്.
ജമ്മു-കശ്മീര്‍ പുന:സംഘടനയെ തുടര്‍ന്നുണ്ടായ വന്‍ദേശീയ വികാരമാണ് പൊതുവെ മാറ്റമുണ്ടാക്കികൊണ്ടിരിക്കുന്നതെന്ന് മുംബൈ നിവാസികള്‍ പറയുന്നു. ഞങ്ങള്‍ വലിയ പണക്കാരല്ല,പക്ഷെ ബുദ്ധിമുട്ടനുഭവിക്കുന്ന ഏതു കശ്മീര്‍ നിവാസിക്കും ഏതുസമയത്തും ഞങ്ങളുടെ വീടുകളിലേയ്ക്ക് സ്വാഗതമെന്നുമാണ് ട്വിറ്ററില്‍ കുറിച്ചത്.
നിരവധിപേരുടെ ആവേശകരമായ പ്രതികരണമാണുണ്ടായതെന്ന് വൈഭവും രേഖയും പറഞ്ഞു. ഒരു ഘട്ടത്തില്‍ പരസ്പരം പറഞ്ഞറിയിക്കാനാകാത്ത ഭീതിയും അകല്‍ച്ചയും വച്ചുപുലര്‍ത്തിയിരുന്ന ഇരുസമൂഹവും തമ്മില്‍ ഒന്നാണെന്ന മനോഭാവം ഉണ്ടായിരിക്കുന്നതിന്റെ ലക്ഷണമാണിതെന്ന് മറ്റൊരു ആതിഥേയ രേഖാ ഭരധ്വാജ് പറഞ്ഞു.
മുംബൈയില്‍ പഠിക്കാനായും ജോലിയന്വേഷിച്ചും വരുന്നവരെ രണ്ടാം തരം പൗരന്മാരായി കണ്ടിരുന്ന അവസ്ഥയാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ പുതിയ നയത്തോടെ മാറിക്കൊണ്ടിരിക്കുന്നതെന്നും വൈഭവ് പറഞ്ഞു.
ഞാന്‍ എന്റെ വീട്ടില്‍ വര്‍ഷങ്ങളായി കശ്മീരി കുടുംബങ്ങളെ താമസിപ്പിക്കുന്നുണ്ട്,ആര്‍ക്കും എന്റെ വീട്ടിലേയ്ക്ക് സ്വാഗതമെന്നാണ് റയ്ന എന്ന കച്ചവടക്കാരന് സന്ദേശമയച്ചത്. മുസ്ലീം സഹോദരങ്ങള്‍ക്ക് പെരുന്നാളാഘോഷിക്കാനുള്ള സൗകര്യവും റയ്ന ഒരുക്കിയിട്ടുണ്ട്.
നിരവധി വിദ്യാര്‍ത്ഥികളും യുവതിയുവാക്കളും സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയും വരാന്‍ തയ്യാറാണെന്നറിയിക്കുകയും ചെയ്തിടുണ്ട്. കശ്മീര്‍ സമൂഹത്തിന്റെ ഒത്തുകൂടലുകളും കലാപരിപാടികളുടെ പ്രദര്‍ശനവുമൊക്കെ സംഘടിപ്പിക്കാനും പദ്ധതിയിടുകയാണ് വൈഭവും കൂട്ടുകാരും.