സത്യമപ്രിയം

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കൂ; ഇനിയെങ്കിലും കണ്ണ് തുറക്കൂ

കഴിഞ്ഞ പ്രളയദുരന്തത്തിന്റെ വാര്‍ഷികത്തില്‍ അത്രത്തോളം എത്തിയില്ലെങ്കിലും തീവ്രമായ ദുരന്തത്തിലൂടെയാണ് കേരളം ഇന്ന് കടന്നുപോകുന്നത്. പുഴകള്‍ കേരളത്തിലുടനീളം വന്‍തോതില്‍ കരകവിയുകയും വന്‍കിട അണക്കെട്ടുകള്‍ തുറന്നുവിടുകയും ചെയ്തില്ല എന്നതൊഴിച്ചാല്‍ സംഭവങ്ങള്‍ക്ക് കാര്യമായ മാറ്റമുണ്ടായില്ല. രണ്ടരലക്ഷത്തിലേറെപ്പേര്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ എത്തിക്കഴിഞ്ഞു. ആയിരങ്ങളുടെ പാര്‍പ്പിടങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടമായി. കൃഷി നശിച്ചു. കന്നുകാലികളും കോഴിയും താറാവും അടക്കമുള്ള വളര്‍ത്തുപക്ഷികളും നഷ്ടമായി. ഉടുതുണിക്ക് മറുതുണിപോലും ഇല്ലാതെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് പലായനം ചെയ്യേണ്ടിവന്ന മലയാളികള്‍. ഓണത്തിനു മുന്‍പ് രണ്ടാംവര്‍ഷവും ദുരന്തം ആവര്‍ത്തിക്കുമ്പോള്‍ ആദ്യ പ്രളയത്തിനുശേഷം നവകേരളം പുനര്‍നിര്‍മ്മിക്കുമെന്ന് പറഞ്ഞത് എവിടെയും എത്തിയിട്ടില്ല. ഇതിന്റെ പദ്ധതിയുമായി മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ ഡോ. വേണുവും മുഖ്യമന്ത്രി പിണറായി വിജയനും പത്രസമ്മേളനം നടത്തുകയും ശില്പശാല നടത്തുകയും ചെയ്തിട്ടേയുള്ളൂ. നെതര്‍ലാന്റ്‌സിലും മറ്റു വിദേശരാജ്യങ്ങളിലും പ്രളയ ദുരന്തവും പുന:രധിവാസവും പഠിക്കാന്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് പഠിച്ചു എന്ന് ആര്‍ക്കും അറിയില്ല. ഭാര്യയെയും മക്കളെയും കൊച്ചുമക്കളെയും കൂട്ടിയായിരുന്നു മുഖ്യമന്ത്രി പ്രളയദുരിതാശ്വാസവും പുനരധിവാസവും പഠിക്കാന്‍ പോയത്. സാമൂഹ്യമാധ്യമങ്ങളില്‍ പരിഹസിക്കുന്നതുപോലെ അതിനെ കുറ്റം പറയുന്നില്ല. കാറ്റുള്ളപ്പോഴല്ലേ തൂറ്റാന്‍ പറ്റൂ. ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടിന് ഒരു നല്ലകാലം വരുമ്പോള്‍ ചെറിയ തോതില്‍ യാത്രാസുഖമൊക്കെ അനുഭവിച്ചെങ്കില്‍ അത് നടന്നോട്ടെ. പക്ഷേ, ഓണത്തിന് മാവേലി വരുന്നതിന് പകരം എല്ലാവര്‍ഷവും വരുന്ന പ്രളയത്തിന്റെ കാരണം മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കണ്ടെത്തിയതാണ്. അത് സമകാലീന കേരളത്തിന്റെ ജാതകക്കുറിപ്പാണ്.

പശ്ചിമഘട്ടത്തിലെ ഇടപെടല്‍ കേരളത്തെ നശിപ്പിക്കുമെന്നും, ഈ തരത്തിലുള്ള പ്രളയം സ്ഥിരമാകുമെന്നും കേരളം നേരിടാന്‍ പോകുന്ന പ്രതിസന്ധി തന്റെ കാലത്തു തന്നെ കേരളം അനുഭവിക്കുമെന്നും ഡോ. ഗാഡ്ഗില്‍ വ്യക്തമാക്കിയതാണ്. ഇന്ന്, ആ അവസ്ഥയിലൂടെ കേരളം കടന്നുപോകുമ്പോള്‍ തീര്‍ച്ചയായും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒന്നുകൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള അവസ്ഥ വിലയിരുത്താനും ദുര്‍ബലപ്രദേശങ്ങള്‍ കണ്ടെത്താനും സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ നിര്‍വ്വചിക്കാനുമാണ് ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ചത്. 2010 മാര്‍ച്ച് 30 ന് ആരംഭിച്ച പ്രവര്‍ത്തനം 2011 ആഗസ്റ്റ് 17 വരെ തുടര്‍ന്നു. ഈ റിപ്പോര്‍ട്ട് ഒരുപക്ഷേ, ഭാരതത്തിന്റെ ചരിത്രത്തില്‍ തന്നെ സഹ്യപര്‍വ്വത മേഖലയില്‍ നടത്തിയിട്ടുള്ള ഏറ്റവും ബൃഹത്തായ പഠനമായിരുന്നു.

1,29,037 ചതുരശ്ര കി.മീ ആണ് പശ്ചിമഘട്ട മേഖലയുടെ വിസ്തീര്‍ണ്ണം. അറേബ്യന്‍ കടലിന് സമാന്തരമായി കന്യാകുമാരി മുതല്‍ മഹാരാഷ്ട്രയിലെ താപി നദി വരെയുള്ള 1500 കി.മീ ഇടതടവില്ലാത്ത വനപ്രദേശമാണ് പശ്ചിമഘട്ടം. നീലഗിരി, ആനമല, ഏലമല, അഗസ്ത്യമല തുടങ്ങിയവയും പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്ന് 500 മീറ്ററിന് മുകളിലുള്ള വനപ്രദേശങ്ങളെയാണ് ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ടത്തിന്റെ ഭാഗമായി കണക്കാക്കിയത്. തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലുമായി 150 കി.മീ നീളമുള്ള ബിലിഗിരിരംഗന്‍ മലനിരകളെയും ഇതിന്റ ഭാഗമായി തന്നെയാണ് കണക്കാക്കിയിരിക്കുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആനമുടിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 2695 മീറ്റര്‍ ഉയരം. പശ്ചിമഘട്ടം വ്യത്യസ്തമായ ഭൂതലവൈവിദ്ധ്യവും മഴലഭ്യതയും സസ്യജീവജാല സഞ്ചയം കൊണ്ടുമാണ് ശ്രദ്ധേയമാകുന്നത്. നിത്യഹരിത ഉഷ്ണമേഖലാവനങ്ങള്‍, ചോലമരക്കാടുകള്‍, പുല്‍മേടുകള്‍, ചെങ്കല്‍ പീഠഭൂമികള്‍, വരണ്ട വൃക്ഷക്കാടുകള്‍, വരണ്ട മുള്‍ച്ചെടി വനങ്ങള്‍ തുടങ്ങിയവയെല്ലാം പശ്ചിമഘട്ടത്തിലുണ്ട്. കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന നിരവധി നദികള്‍ക്കും അരുവികള്‍ക്കും പശ്ചിമഘട്ടം ജന്മം നല്‍കുന്നു. തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള ആനത്താര ഇതിന്റെ പ്രത്യേകതയാണ്.

ഏതാണ്ട് 4000 ഇനം പുഷ്പച്ചെടികള്‍ (ഇന്ത്യയിലെ മൊത്തെ പുഷ്പിക്കുന്ന ചെടികളുടെ 27 ശതമാനം), 645 നിത്യഹരിത വൃക്ഷയിനങ്ങള്‍ (ഇവയുടെ 56 ശതമാനം പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നതാണ്), 850-1000 ത്തിനും ഇടയിലുള്ള ചെറുസസ്യവിഭാഗങ്ങള്‍ (ഇവയില്‍ 28 ശതമാനം വിരള ഇനങ്ങള്‍ ഉള്‍പ്പെടെ 682 ഇനം പായലുകളും 43 ശതമാനം അപൂര്‍വ്വ ഇനങ്ങള്‍ ഉള്‍പ്പെടെ 280 ഇനം വര്‍ണ്ണലതാദികളും ഉള്‍പ്പെടുന്നു), പശ്ചിമഘട്ടത്തിലുള്ള നട്ടെല്ലില്ലാത്ത വിഭാഗത്തില്‍പ്പെടുന്ന ജീവികളില്‍ 350 ഇനം ഉറുമ്പുകള്‍ (20 ശതമാനം ഇവിടെ മാത്രം കാണുന്നവ), 330 ഇനം ചിത്രശലഭങ്ങള്‍ (11 ശതമാനം ഇവിടെ മാത്രം കാണുന്നവ), 174 ഇനം തുമ്പികള്‍ (40 ശതമാനം ഇവിടെ മാത്രം കാണുന്നവ), 269 ഇനം ഒച്ചുകള്‍ (76 ശതമാനം ഇവിടെ മാത്രം കാണുന്നവ), 288 ഇനം മത്സ്യങ്ങള്‍ (41 ശതമാനം ഇവിടെ മാത്രം കാണുന്നവ), 220 ഇനം ഉഭയജീവികള്‍ (78 ശതമാനം ഇവിടെ മാത്രം കാണുന്നവ) എന്നിവ ഉള്‍പ്പെടുന്നു. പശ്ചിമഘട്ടനിരയില്‍ കാണപ്പെടുന്ന 225 ഇനം ഇഴജന്തുക്കളില്‍ 62 ശതമാനം ഇവിടെ മാത്രം ഉള്ളതാണ്. 500 ലേറെയിനം പക്ഷികളും 120 ഇനം സസ്തനികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഏഷ്യന്‍ ആനകളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനം പശ്ചിമഘട്ടത്തിനാണ്. കടുവ, കാട്ടുപോത്ത്, കുറുക്കന്‍ എന്നിവ ഉള്‍പ്പെടെയുള്ള സസ്തനികളും ഇവിടെ ധാരാളമുണ്ട്. കുരുമുളക്, ഏലം, മാവ്, പ്ലാവ്, വാഴ, ചന്ദനം തുടങ്ങിയവയും പശ്ചിമഘട്ടത്തിന്റെ പ്രത്യേകതയാണ്.

പരമ്പരാഗത കൃഷിരീതിയനുസരിച്ച് താഴ്‌വരകളില്‍ നെല്ലും മലഞ്ചെരുവുകളില്‍ ധാന്യങ്ങളുമാണ് കൃഷി ചെയ്തിരുന്നത്. കിഴങ്ങുവര്‍ഗ്ഗങ്ങളും ഫലവൃക്ഷങ്ങളും ഈ മേഖലയിലേക്ക് കടന്നുവന്നത് ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ സ്വാധീനത്തിലാണ്. തേയില, കാപ്പി, റബ്ബര്‍, കശുവണ്ടി, മരച്ചീനി, ഉരുളക്കിഴങ്ങ്, ഏലം, കുരുമുളക് എന്നിവയും ഈ മേഖലയില്‍ വികസിപ്പിക്കപ്പെട്ടു. 1950-80 കാലഘട്ടത്തില്‍ പേപ്പര്‍, പ്ലൈവുഡ്, പോളിഫൈബര്‍, തീപ്പെട്ടി എന്നിവയ്ക്കുവേണ്ടി റിസര്‍വ് വനങ്ങളുടെ ചൂഷണം ശക്തമായി. പ്രകൃതിദത്ത വനങ്ങള്‍ വന്‍തോതില്‍ വെട്ടിമാറ്റി യൂക്കാലിപ്റ്റസ്, അക്കേഷ്യ ഇനങ്ങള്‍ നട്ടുവളര്‍ത്തി. ഇത് സ്വാഭാവിക വനങ്ങളുടെ നാശത്തിലേക്കാണ് നീങ്ങിയത്. ഇതിന് പുറമെ കൃഷിയ്ക്കും നദീതടപദ്ധതികള്‍ക്കും വേണ്ടി റിസര്‍വ് വനങ്ങള്‍ കൈയേറി. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ലഭിക്കുന്ന മഴയുടെ ഭൂരിഭാഗവും പശ്ചിമഘട്ടത്തിലാണ്. ദക്ഷിണ ഉപഭൂഖണ്ഡത്തിലെ പ്രമുഖ നദികളായ കൃഷ്ണ, ഗോദാവരി, കാവേരി എന്നിവ ഉത്ഭവിക്കുന്നതും ഇവിടെ നിന്നാണ്. പേരാറും പെരിയാറും ഭാരതപ്പുഴയും അടക്കം കേരളത്തിന്റെ എല്ലാ പുഴകളും പശ്ചിമഘട്ടത്തില്‍ നിന്നാണ്. ജലസേചനത്തിനും വൈദ്യുതി ഉല്പാദനത്തിനുമായി വന്‍കിട നദീതടപദ്ധതികള്‍ നടപ്പിലാക്കി. ഇത്, പശ്ചിമഘട്ട വനങ്ങളുടെ നാശത്തിന് തുടക്കം കുറിച്ചു. മലനിരകളുടെ നെറുകയിലേക്ക് റോഡ് വെട്ടി കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന പുതിയ വ്യവസായവും മലനിരകളെ നശിപ്പിക്കുന്നതാണ്. ഇരുമ്പയിര്, മാംഗനിസ്, ബോക്‌സൈറ്റ് എന്നിവകൊണ്ട് സമ്പന്നമായ മലനിരകളില്‍ വന്‍തോതില്‍ ഖനനം നടത്തുന്നതും പശ്ചിമഘട്ടത്തിന്റെ നാശത്തിന് കാരണമായിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളില്‍ 2200 റോളം വന്യമൃഗസങ്കേതങ്ങളും ദേശീയ പാര്‍ക്കുകള്‍ ഉള്‍പ്പെട്ട സംരക്ഷിത പ്രദേശങ്ങളും ഉണ്ട്. ഇതുകൂടാതെ, പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ പ്രത്യേകം കണ്ടെത്തുകയും ചെയ്തു. ജനിതകമാറ്റം വരുത്തിയ വിളകള്‍ അനുവദിക്കാതിരിക്കുക, പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കുക, വനഭൂമി കൃഷിക്കോ വൃക്ഷവിളകള്‍ക്കോ അനുവദിക്കാതിരിക്കുക, ക്വാറികള്‍ക്കും മണല്‍ഖനനത്തിനും പുതിയ ലൈസന്‍സുകള്‍ നല്‍കാതിരിക്കുക, പുതിയ മലിനീകരണവ്യവസായങ്ങള്‍ തുടങ്ങാതിരിക്കുക, വൈദ്യുതി ഉപയോഗം കുറയ്ക്കുക തുടങ്ങി പശ്ചിമഘട്ടനിരകളെ ഒന്നായി സംരക്ഷിക്കാന്‍ ഉതകുന്ന തരത്തിലുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍ മുന്നോട്ടു വച്ചിരുന്നു. പശ്ചിമഘട്ടത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു പരിസ്ഥിതി അതോറിറ്റി രൂപീകരിക്കാനും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, കേരളം, തമിഴ്‌നാട് എന്നീ ആറു സംസ്ഥാനങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താനും സമിതി ശുപാര്‍ശ ചെയ്തു. ഓരോ സംസ്ഥാനത്തും ഇതോടൊപ്പം റിട്ട. ഹൈക്കോടതി ജഡ്ജിയുടെ അദ്ധ്യക്ഷതയില്‍ വെവ്വൈറെ കമ്മിറ്റികള്‍ രൂപീകരിക്കാനും ശുപാര്‍ശ ചെയ്തിരുന്നു.

വിവാദമായ അതിരപ്പിള്ളി പദ്ധതി നടപ്പാക്കരുതെന്നും ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ചാലക്കുടിപുഴ വൈവിദ്ധ്യമാര്‍ന്ന മത്സ്യസങ്കേതമാണെന്നും കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള 210 ഇനം മീനുകളില്‍ 104 ഇനം ഇവിടെയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ കടുത്ത വംശനാശഭീഷണി നേരിടുന്ന 31 ഇനങ്ങളും ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിംഹവാലന്‍ കുരങ്ങുകള്‍, മുളയാമ, മലമുഴക്കിവേഴാമ്പല്‍ എന്നിവയുടെ ആവാസവ്യവസ്ഥ അതിരപ്പള്ളിയില്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ പട്ടണം മാതൃകയില്‍ ഫാംഹൗസുകളും റിസോര്‍ട്ടുകളും വരുന്നത് പരിസ്ഥിതിയില്‍ ആഘാതം സൃഷ്ടിക്കും. ജലപാതകള്‍, ജലസ്രോതസ്സുകള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുള്ള ഇടങ്ങള്‍, ജൈവവൈവിദ്ധ്യ സമ്പന്നമേഖലകള്‍ എന്നിവിടങ്ങളില്‍ യാതൊരു നിര്‍മ്മാണങ്ങളും അനുവദിക്കരുത്. വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കരുത്. സ്റ്റീല്‍, സിമന്റ്, മണല്‍ എന്നിവ ഉപയോഗിച്ചുള്ള നിര്‍മ്മാണം വനമേഖലകളില്‍ അനുവദിക്കരുത്. വനവാസികളുടെ താല്പര്യങ്ങള്‍ കൂടി സംരക്ഷിക്കുന്നതായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ ഏറെയും. എന്നിട്ടും അവ കേരളാ കോണ്‍ഗ്രസ്സുകളുടെയും ക്രൈസ്തവ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും താല്പര്യങ്ങളെ ഹനിക്കുന്നതാണെന്നു പറഞ്ഞ് റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു. ഗാഡ്ഗിലിന്റെ ശുപാര്‍ശകളില്‍ വെള്ളം ചേര്‍ക്കാനാണ് കസ്തൂരിരംഗനെ പിന്നീട് നിയോഗി്ച്ചത്. ഗാഡ്ഗില്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായി കണ്ടെത്തിയ കൈയേറ്റ പ്രദേശങ്ങളെ മുഴുവന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിന് അനുസരിച്ച് ഒഴിവാക്കിക്കൊടുക്കുകയായിരുന്നു കസ്തൂരിരംഗന്‍.

ഇനിയും നടപ്പാക്കാത്ത ഗാഡ്ഗിലിന്റെ ശുപാര്‍ശകളാണ് പശ്ചിമഘട്ട മലനിരകളില്‍ ഇന്നുണ്ടാകുന്ന മലയിടിച്ചിലിനും മഴവെള്ള പാച്ചിലിനും മനുഷ്യജീവന്‍ ഇല്ലാതാകാനും കാരണം. തെറ്റായ ഭൂവിനിയോഗ രീതിയും മനുഷ്യന്റെ ഇടപെടലും ഉണ്ടാക്കിയിട്ടുള്ള ആഘാതങ്ങള്‍ വളരെ വ്യക്തമാണ്. വരള്‍ച്ചക്കാലത്ത് നദികളിലെ വെള്ളം കുറയുന്നതും ഏറ്റക്കുറച്ചിലുകളും ജലവിതാനം താഴുന്നതും ഇതിന്റെ ഫലമാണ്. ഓഡിറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ മണല്‍ വാരുന്നതിന് അവധി പ്രഖ്യാപിക്കണം. കൃഷിക്ക് കീടനാശിനികള്‍ ഉപയോഗിക്കുന്നതും വനഭൂമിയെ കൃഷിയിടമാക്കുന്നതും പൂര്‍ണ്ണമായും അവസാനിപ്പിക്കണം. വന്യമൃഗങ്ങള്‍ ഉപയോഗിച്ചിരുന്ന വന ഇടനാഴികളെ വീണ്ടും വനങ്ങളാക്കി മാറ്റണം. പശ്ചിമഘട്ട മലനിരകളില്‍ ഇനി പുതിയ വൈദ്യുതപദ്ധതികള്‍ നിര്‍മ്മിക്കരുതെന്നും റിപ്പോര്‍ട്ട് വ്യവസ്ഥചെയ്തിട്ടുണ്ട്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെപ്പോലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കുടിയേറ്റ കര്‍ഷകര്‍ക്ക് ദോഷകരമായിരിക്കുമെന്നായിരുന്നു വിലയിരുത്തല്‍. 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമാണെന്നും അത് കുടിയേറ്റമുക്തമാക്കണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കാള്‍ അപകടകരമായിരിക്കുമെന്നും ക്രൈസ്തവസഭകള്‍ നിലപാടെടുത്തു. ഇടുക്കി രൂപത ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഇടയലേഖനം വായിച്ചു. നിലവിലുള്ള നിയമങ്ങള്‍ കൊണ്ടുതന്നെ പശ്ചിമഘട്ടം പരിപാലിക്കപ്പെടുന്നുണ്ടെന്നും പ്രണബ്‌സെന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ഗാഡ്ഗില്‍ സമിതി പരിശോധിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലപാടെടുത്തു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ, മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ത്തതിനെതിരെ തുറന്ന കത്തെഴുതി ഗാഡ്ഗില്‍ പരസ്യമായി രംഗത്തെത്തി. 2013 നവംബറില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിക്കുന്നതായി പറഞ്ഞെങ്കിലും കമ്മിറ്റി നിര്‍ദ്ദേശിച്ച പരിസ്ഥിതിലോല മേഖലകള്‍ അതേപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂര്‍ണ്ണമായും വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അടിപ്പെടുകയായിരുന്നു. കേരളത്തിലെ സി പി എം അടക്കമുള്ള ഇടതുപക്ഷവും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരായിരുന്നു. വോട്ടുബാങ്ക് തന്നെയായിരുന്നു അവിടെയും പ്രശ്‌നം. ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സജീവമായ കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ പോലും പരിസ്ഥിതിവിരുദ്ധ നിലപാട് എടുക്കുന്നത് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ കര്‍ഷകവിരുദ്ധമായി ഒന്നുമില്ലെന്നും ജൈവകൃഷി ചെയ്യണമെന്ന നിര്‍ദ്ദേശം മാത്രമേ ഉള്ളൂവെന്നും സമിതി അംഗവും ജൈവവൈവിദ്ധ്യ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമായ ഡോ. വി എസ് വിജയന്‍ വ്യക്തമാക്കിയിരുന്നു.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞിട്ടില്ലെന്നും വിമര്‍ശനങ്ങള്‍ പരിഗണിക്കുമെന്നും വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവെ വ്യക്തമാക്കി. ദാവെയുടെ നിലപാടുകള്‍ എന്നും പരിസ്ഥിതിസംരക്ഷണത്തിന് ഉള്ളതായിരുന്നു. അദ്ദേഹത്തിന്റെ അകാലനിര്യാണം റിപ്പോര്‍ട്ട് ശീതീകരണിയിലാക്കി. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പശ്ചിമഘട്ടത്തിലെ ഇടപെടലുകളുടെ ദുരന്തം കേരളം അനുഭവിക്കുമെന്നും അത്രത്തോളം ഗുരുതരമാണ് പ്രശ്‌നമെന്നും ഗാഡ്ഗില്‍ പറഞ്ഞിരുന്നു. 1920-90 നും ഇടയില്‍ മാത്രം പശ്ചിമഘട്ടമേഖലയിലെ 40 ശതമാനം സസ്യജാലങ്ങള്‍ നാശോന്മുഖമായതായി ഗാഡ്ഗില്‍ കണ്ടെത്തി. ഖനനം, വ്യവസായം, വൈദ്യുതനിലയങ്ങള്‍, വിനോദസഞ്ചാരം എന്നിവയുടെ പേരിലുള്ള പശ്ചിമഘട്ട കൈയേറ്റം കേരളത്തെ വരള്‍ച്ചയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 44 പുഴകളും 3000 മി.ലിറ്ററില്‍ അധികം മഴയും ഉണ്ടായിട്ടും കേരളം വരള്‍ച്ചയിലേക്ക് പോകുന്നതിന്റെ കാരണം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതീവശ്രദ്ധ വേണ്ടതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മേഖലകളായാണ് പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ കണ്ടെത്തിയത്. ഖനനവും പാറപൊട്ടിക്കലും വനനശീകരണവും കേരളത്തെ മൊത്തം തകര്‍ക്കുമെന്ന് ഗാഡ്ഗിലിന്റെയും കോടതികളുടെയും നിര്‍ദ്ദേശങ്ങള്‍ മലയാളികള്‍ കേള്‍ക്കാത്തതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് 1977 മുന്‍പുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനു തടസ്സമാകുമെന്ന് വ്യാഖ്യാനിച്ചാണ് ഇതിനെതിരെ പള്ളിക്കാരും കുടിയേറ്റ ക്രിസ്ത്യാനികളും അവരുടെ വാലാട്ടികളായ സി പി എമ്മും കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയക്കാരും രംഗത്തിറങ്ങിയത്. ആരെയും കുടിയിറക്കാനോ നശിപ്പിക്കാനോ അല്ല, കേരളം ഇന്നത്തെ നിലയില്‍ തുടരാനും ജീവിതം വര്‍ഷംതോറും പ്രളയത്തിന്റെ പിടിയില്‍ ദുസ്സഹമാകാതിരിക്കാനും ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. ഇനിയെങ്കിലും കണ്ണുതുറക്കൂ.

674 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close