അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഒരുമാസക്കാലം നീണ്ടുനിന്ന വേനലവധിക്യാമ്പായ “വേനൽത്തുമ്പികൾക്ക് “പരിസമാപ്തി കുറിച്ചു. കേരള സോഷ്യൽ സെന്റർ വൈസ് പ്രസിഡണ്ട് ചന്ദ്ര ശേഖരൻ സമാപനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ ഗീത ജയചന്ദ്രൻ സ്വാഗതവും ക്യാമ്പ് വിവരണവും നൽകി. വേനലവധി ക്യാമ്പ് കൈകാര്യം ചെയ്ത അധ്യാപകൻ ബാലചന്ദ്രൻ എരവിൽ, അസിസ്റ്റൻഡ് ക്യാമ്പ് ഡയറക്ടർ മധു പരവൂർ , ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ, രക്ഷിതാക്കൾ എന്നിവർ ക്യാമ്പ് അനുഭവം പങ്കുവച്ചു . സെന്റർ ജനറൽ സെക്രെട്ടറി ബിജിത് കുമാർ, ആയിഷ (കമ്മ്യുണിറ്റി പോലീസ് , അബുദാബി ) സെന്റർ വനിതാ വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ , ബാലവേദി പ്രസിഡണ്ട് തേജസ് രാജേഷ് , ജോയിന്റ് സെക്രെട്ടറി അക്ഷര സജീഷ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയും ചടങ്ങിൽ പ്രകാശനം ചെയ്തു. മെഹറിൻ , അക്ഷര സജീഷ് എന്നിവർ ചേർന്ന് കയ്യെഴുത്ത് മാസിക സെന്റർ ലൈബ്രെറിയൻ കെ. കെ ശ്രീവത്സന് കൈമാറി. കേരള സോഷ്യൽ സെന്റർ ലൈബ്രറിയുടെ വായനമരം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പുസ്തകാസ്വാദനക്കുറിപ്പ് മത്സരത്തിൽ വിജയികളായ ശിവഗംഗ ശശികുമാർ, ദക്ഷിൺ ദിലീപ് കുമാർ , അക്ഷര സജീഷ് എന്നിവർക്ക് ആയിഷ ( കമ്മ്യൂണിറ്റി പോലീസ് ) സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു . ക്യാമ്പ് അധ്യാപകൻ ബാലചന്ദ്രൻ എരവിലിന് വൈസ് പ്രസിഡണ്ട് ചന്ദ്രശേഖരൻ ഉപഹാരം സമർപ്പിച്ചു. അസിസ്റ്റൻഡ് ക്യാമ്പ് ഡയറക്ടർ അനിൽ പാരിപ്പള്ളി നന്ദി പറഞ്ഞു.
സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ സമാപനച്ചടങ്ങിൽ സമ്മർക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ സംഘഗാനം, ലഘു ചിത്രീകരണം, നൃത്തം , പാട്ടുകൾ തുടങ്ങിയവ ഉണ്ടായിരുന്നു . കലാ വിഭാഗം ആക്ടിംഗ് സെക്രെട്ടറി അരുൺ കൃഷ്ണൻ കലാപരിപാടികൾ നിയന്ത്രിച്ചു . ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .കേരളത്തിൽ അഞ്ഞൂറിലധികം ക്യാമ്പുകൾക്ക് നേതൃത്വം കൊടുത്ത അധ്യാപകനും എഴുത്തുകാരനും നടനുമായ ബാലചന്ദ്രൻ എരവിലാണ് ക്യാമ്പ് നയിച്ചത്. അബുദാബി കമ്യൂണിറ്റി പോലീസിന്റെ സുരക്ഷാ ക്ലാസുകൾ, ചിത്രരചന, ഗണിതം, നാടൻ പാട്ടുകൾ, കരകൗശല വസ്തുക്കളുടെ നിർമാണം, ദൈനംദിന വാർത്തകളുമായി കുട്ടികളെ ബന്ധപ്പെടുത്തുന്ന പത്രവൃത്താന്തം, പ്രസംഗ പരിശീലനം, തിയേറ്റർ പരിപാലനം, വായനശീലം വളർത്തുവാനുതകുന്ന പരിപാടികൾ തുടങ്ങിയവയൊക്കെ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. 140 കുട്ടികൾ ഈ വർഷത്തെ സമ്മർ ക്യാമ്പിൽ പങ്കെടുത്തു . അവധിക്കാലത്ത് നാട്ടിൽ പോകാൻ കഴിയാത്ത കുട്ടികൾക്ക് ഏറെ അനുഗ്രഹവും ആഹ്ലാദവും പകരുന്നതായിരുന്നു സമ്മർ ക്യാമ്പ് .
—