ന്യൂഡല്‍ഹി: മെട്രോ റെയില്‍ ജീവനക്കാരന് ഫെയ്സ്ബുക്ക് ലൈവിലൂടെ വീഡിയൊ പുറത്ത് വിട്ട് ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് സ്വദേശിയായ ശുഭാങ്കര്‍ ചക്രബര്‍ത്തിയാണ് മരിച്ചത്. വാടകവീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടാണ് ശുഭാങ്കര്‍ മരിച്ചത്.
ഡല്‍ഹി മെട്രോയുടെ യൂണിഫോം ധരിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് എല്ലാവരേയും അറിയിച്ച ശുഭാങ്കിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഐഡി കാര്‍ഡില്‍ ചുംബിച്ച ശേഷമാണ് ജീവനൊടുക്കിയതെന്ന് ലൈവ് വീഡിയോ കണ്ടവര്‍ പറയുന്നു.
വീഡിയോ കണ്ട സുഹൃത്തുക്കള്‍ പോലീസിനെ വിവരം അറിയിച്ചിരുന്നു. വിവരമറിഞ്ഞ പോലീസ് വീട്ടിലെത്തുമ്പോഴേക്കും ശുഭാങ്കര്‍ മരിച്ചിരുന്നു. മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശുഭാങ്കറിന്റെ കുടുംബാംഗങ്ങള്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്താനാകുമെന്ന് പോലീസ് അറിയിച്ചു.