ഹോംഗ്കോംങ്: ഭരണത്തിലെ കെടുകാര്യസ്ഥതയും ചൈനയുടെ കിരാതനയത്തിനുമെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഹോംഗ്കോംങ്ങിലെ പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിച്ചു.അതിരൂക്ഷമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി ഹോംഗ്കോംങ് ഭരണാധികാരി ക്യാരീ ലാം കരച്ചിലിന്റെ വക്കിലെത്തി.
പോലീസ് നടപടികള്‍ കടുപ്പിച്ചതിനുള്ള ന്യായീകരണം നിരത്താനായി സ്വയംവിളിച്ചുചേര്ത്ത പത്രസമ്മേളനത്തിലാണ് ലാം പുലിവാലുപിടിച്ചത്. പൊതുവികാരങ്ങളെ മാനിക്കാത്ത ചൈനയുടെ കിരാതനടപടികളെ പിന്തുണയ്ക്കുന്ന ക്യാരീ ലാമിന്റെ മലക്കംമറിച്ചിലുകള്‍ വന്‍ പ്രതിഷേധത്തിനിടവച്ചിരുന്നു.
‘നിങ്ങളുടെ കഴിവുകേടുകളും രാഷ്ട്രീയപാപ്പരത്തവും മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടണ്ട. എന്നാണ് നിങ്ങള്‍ ജനങ്ങള്‍ക്ക് കൂടെ നിന്നിട്ടുള്ളത്? ഈ പേടിപ്പിച്ചുഭരിക്കല് എത്ര നാള് തുടരും ? പോലീസിനെ എന്നു പിന്‍വലിക്കും?’ പൊതുമാധ്യമമായ ആര്ടിഎച്ച്കെയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരംപറയാനാകാതെ ലാം കുഴങ്ങി.
‘നിങ്ങളൊരിക്കല്‍ എന്നോട് സ്വന്തം ജോലി ഉത്തരവാദിത്തത്തോടെ ചെയ്യാന്‍ പറഞ്ഞിരുന്നതോര്മ്മയുണ്ടോ? അതേ ഞാന്‍ അതേ ഉത്തരവാദിത്തത്തോടെ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തരണം.’ മാധ്യമപ്രവര്‍ത്തകന്റെ കടുംപിടുത്തത്തിനൊപ്പം മറ്റുള്ളവരും ചേരുകയായിരുന്നു.
‘നിങ്ങളെന്ന് ചാകും’ എന്ന് ഹോംഗ്കോംങ് ജനത ചോദിച്ചുതുടങ്ങിയെന്നും രോഷത്തോടെ അദ്ദേഹം ലാമിനോട് പറഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ ചൈനയെ പിന്തുണയ്ക്കുന്ന നയങ്ങള്‍ക്കെതിരെ ബഹളം തുടങ്ങി.ഒടുവില്‍ എഴുതിക്കൊണ്ടുവന്നത് മാത്രം വായിച്ച് തീര്‍ത്ത് ക്യാരി ലാം തടിതപ്പി.
കുറ്റവാളികളെ ചൈനയുടെ കയ്യിലേല്പ്പിക്കുന്നതിനെതിരെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടിയ പ്രക്ഷോഭം നടക്കുന്നത്. ഇന്നലെ മുതല്‍ പ്രക്ഷോഭകാരികള്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന ഉപരോധസമരത്തിനെതിരായി പോലീസ് നടപടിയെടുത്തുതുടങ്ങിയിരുന്നു. പ്രതിഷേധക്കാര്‍ റോഡില്‍ നടത്തിവന്ന സമരം അക്രമത്തിലേയ്ക്ക് നീങ്ങുന്നതൊഴിവാക്കാനുംകൂടിയാണ് വിമാനത്താവളത്തിലേയ്ക്ക് പ്രക്ഷോഭംമാറ്റിയത്.