കോട്ടയം: ചങ്ങനാശേരിയിലെ താഴ്ന്ന പ്രദേശങ്ങളും കുട്ടനാടും വെള്ളത്തില്‍ ഒറ്റപ്പെട്ടു. ചങ്ങനാശേരി-ആലപ്പുഴ റോഡ് വെള്ളത്തില്‍ മുങ്ങി. വാഹനങ്ങള്‍ക്കൊന്നും കടന്നുപോകാനാകാത്ത നിലയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റോഡിലെ വെള്ളക്കെട്ട് മൂലം ചങ്ങനാശേരി ഡിപ്പോയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ചങ്ങനാശേരി താലൂക്കില്‍ 26 ക്യാമ്പുകളിലായി 3000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. പായിപ്പാട് പഞ്ചായത്തിലെ പൂവം, ഇലവന്തറ, വാഴപ്പള്ളി പഞ്ചായത്തിലെ പറാല്‍, വെട്ടിത്തുരുത്ത്, മുളയ്ക്കാംതുരുത്തി, കുറിച്ചി പഞ്ചായത്തിലെ ആനക്കുഴി ഭാഗങ്ങളും വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു.
നിലവില്‍ ആയിരത്തിലധികം വീടുകളില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. ഇതിനു പുറമേ അന്‍പതോളം കൃഷിയിടങ്ങളും വെള്ളത്തിനടിയിലായതോടെ കുട്ടനാട്ടില്‍ മാത്രം 20 കോടിയോളം രൂപയുടെ കൃഷിനാശമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.