പനജി: ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തെരുവുപട്ടികളിറങ്ങിയതിനെ തുടര്‍ന്ന് വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല. ലാന്‍ഡ് ചെയ്യാന്‍ സെക്കന്റുകള്‍ മാത്രമുള്ളപ്പോഴാണ് റണ്‍വേയിലെ പട്ടികളെ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വിമാനം നിലത്തിറക്കാതെ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. ആകാശത്ത് 15 മിനിട്ടോളം വട്ടമിട്ടതിനു ശേഷമാണ് വിമാനം ഇറക്കാനായത്.
പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു സംഭവം. മുംബൈയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യയ്ക്കാണ് തെരുവുപട്ടികള്‍ പണികൊടുത്തത്. ദംബോലിം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ച ശേഷം റണ്‍വെ തൊടുന്നതിന് തൊട്ടുമുമ്പാണ് പൈലറ്റ് തെരുവുപട്ടികളെ കണ്ടത്. ഉടന്‍ ഇക്കാര്യം പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയായിരുന്നു.
രാത്രിസമയമായിരുന്നതിനാല്‍ റണ്‍വേയിലുണ്ടായിരുന്ന പട്ടികളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. വിമാനത്താവളത്തിന്റെ പരിസരത്തായി 200ലേറെ തെരുവുപട്ടികളുണ്ടെന്നാണ് കണക്ക്. ഇവയെ വന്ധ്യംകരണം നടത്തി മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണനയിലാണ്. നിലവില്‍ ആളുകളെ നിയോഗിച്ചു പട്ടികള്‍ റണ്‍വേയില്‍ കയറാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നേവല്‍ എയര്‍ സ്റ്റേഷന് അധികൃതര്‍ വ്യക്തമാക്കി.