തിരുവനന്തപുരം: ശ്രീറാമിന്റെ വാഹനമിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ബഷീറിന്റെ കുടുംബത്തിന് ധനസഹായമായി നല്‍കുക. അതോടൊപ്പം, ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാനാണ് തീരുമാനം. കെഎം ബഷീറിന്റെ കുടുംബത്തിന് സഹായമെത്തിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നേരത്തെ തന്നെ നല്‍കിയിരുന്നു.
മാധ്യമ പ്രവര്ത്തകന് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഇപ്പോള്‍ ജാമ്യത്തിലാണ്. ഓഗസ്റ്റ് ആറിനാണ് കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ഇതുവരെ സാധിച്ചിരുന്നില്ല. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു.
അതേസമയം, ശ്രീറാമിന്റെ ജാമ്യത്തിന് അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. നിലവില്‍ ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചാല്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ലെന്ന് കോടതി പൊലീസിനോട് ചോദിച്ചു.
വൈദ്യ പരിശോധന നടത്തി തെളിവ് കണ്ടെത്താനാകാത്തത് ന്യായീകരണമല്ലെന്നും, ഗവര്‍ണറുടെ വസതിയടക്കമുള്ള റോഡില്‍ സിസിടിവി ഇല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ എന്ന് ചോദിച്ച കോടതി തെളിവുകള്‍ ശ്രീറാം സ്വയം കൊണ്ട് വരുമോ എന്നും പൊലീസിനോട് ചോദിച്ചിരുന്നു.