ആനകള്‍ക്കായി 33 ഏക്കര്‍ നെല്പാടം മാറ്റിവെച്ചിരിക്കുകയാണ് അസാമിലെ നാഗോന്‍ ജില്ലയിലെ ഒരുകൂട്ടം ജനങ്ങള്‍. തങ്ങളുടെ വിളകളെ ആനകള്‍ നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇത്തരം ഒരു തീരുമാനത്തിലെത്തിയത്. 33 ഏക്കര്‍ മുഴുവന്‍ ആനകള്‍ക്ക് വേണ്ടി നെല്‍ കൃഷി തുടങ്ങാനാണ് ഗ്രാമവാസികളുടെ തീരുമാനം.
കൃഷികള്‍ മുഴുവന്‍ ആനകളിറങ്ങി നശിപ്പിക്കുന്നതിനാല്‍ പലപ്പോഴും കുടുംബം പട്ടിണിയിലാണ്. ഈ സാഹചര്യത്തിലാണ് നാഗോന്‍ ജില്ലയിലെ 12 ഗ്രാമങ്ങള്‍ ചേര്‍ന്ന് ഇത്തരം ഒരു തീരുമാനമെടുത്തത്.
മലയിറങ്ങി വരുന്ന ആനകളെ തുരുത്താന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു. എന്നാല്‍ പരാജയമായിരുന്നു ഫലം. ഇലക്ട്രിക് വേലി പിടിപ്പിച്ചു. ഇതിന്റെ ഫലം ഭയാനകമായിരുന്നു. ആനകളില്‍ ചിലത് മരിക്കുകയും, ചിലതിനൊക്കെ മാരകമായ പരുക്കേല്‍ക്കുകയു ചെയ്തു.300-400 ആനകളാണ് ഒരുമിച്ച് കാടിറങ്ങുന്നത്.
കുന്നിന് ചെരുവിലാണ് 10 കിലോമീറ്റര്‍ നീളത്തില്‍ നെല്‍പ്പാടവും, 8 ഏക്കറോളം നേപ്പിയര്‍ പുല്ലുകളും വളര്‍ത്തിയത്. അതിന് ചുറ്റും വേലി പോലെ നടുവിലായി 1500 പ്ലാവുകള്‍, 2,000 എലിഫെന്റ് ആപ്പിള്‍, 25,000 വാഴകൃഷി തുടങ്ങിയവയും വെച്ചു പിടിപ്പിച്ചു.
ആനകള്‍ക്കായി നെല്‍പ്പാടം എന്നത് എന്‍ജിഒ പ്രദീപ് കുമാര്‍ ബുയാന്റെ ആശയമായിരുന്നു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളും തേടിയിരുന്നു. ഇതിനായി നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇത്തരം ഒരു തീരുമാനത്തില്‍ നാഗോന്‍ ജില്ലയിലെ ഗ്രാമവാസികള്‍ എത്തിയത്. കൃഷിക്ക് ചുറ്റും സോളാര്‍ ഇലക്ട്രിക് വേലി കെട്ടി നല്കാന് ഫോറസ്റ്റ് വകുപ്പ് സമ്മതിച്ചിട്ടുണ്ട്.
ഏകദേശം ഇത്രയും പാടം 20-22 ദിവസംകൊണ്ട് ആനകള്‍ പാടം മുഴുവന്‍ തിന്നു തീര്‍ക്കും. തുടര്‍ന്ന്, കൃഷിയിടങ്ങളിലേക്ക് വരാതിരിക്കാനാണ് നേപ്പിയര്‍ പുല്ലുകള്‍ വളര്‍ത്തിയത്. മറ്റുള്ള കൃഷികള്‍ വിളവെടുക്കാന്‍ സമയമെടുക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ആശ്വാസമാണ്. തുടര്‍ന്ന് മല കയറുന്ന ആനകള്‍ തിരികെ വരുമ്പോഴേക്കും വീണ്ടും നെല്പാടം ഉണ്ടാക്കുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ഏകദേശം 2 മാസമാണ് പുല്ലുകള്‍ വളര്‍ത്താന്‍ സമയമെടുക്കുന്നത്.
ഈ പരീക്ഷണത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘത്തെ നയിക്കുന്ന ജിതിന് ക്രോ അഭിപ്രായപ്പെട്ടു. ഈ മാര്‍ഗം വിജയിച്ചാല്‍ മനുഷ്യനും മൃഗങ്ങളും തമ്മില്‍ ഒരു സമാന്തര ബന്ധം കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.