ഇന്ത്യന്‍ പതാക പ്രൊഫൈല്‍ ചിത്രമാക്കുന്നത് നിയമവിരുദ്ധമാണെന്നും പതാക പ്രൊഫൈല്‍ ചിത്രമാക്കരുതുമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ രണ്ട് ദിവസമായി വാട്സാപ്പ് സന്ദേശമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ദേശീയ മഹിമയെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയുന്നതിനുള്ള 1971ലെ നിയമവും (Prevention of Insults to National Honour Act 1971) 2002 ലെ ഇന്ത്യന്‍ ഫ്ളാഗ് കോഡും ഉദ്ധരിച്ചാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഫാക്റ്റ് ചെക്കര്‍ വെബ്സൈറ്റ് ആയ ബൂം പറയുന്നു. ഇന്ത്യന്‍ പൗരന്മാര്ക്ക് ദേശീയ പതാക എത്രനാള്‍ വേണമെങ്കിലും പ്രൊഫൈല്‍ ചിത്രമായി ഇടാന്‍ കഴിയും. എന്നാല്‍ ഇന്ത്യന്‍ പതാകയോടുള്ള ആദരവും പവിത്രതയും നിലനിര്‍ത്തി മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു.
1950ലെ ചിഹ്നങ്ങള്‍ പേരുകള്‍ (അനുചിതമായ ഉപയോഗം തടയല്‍) നിയമം, 1971 ലെ ദേശീയ അഭിമാന നിയമത്തെ (National Honour Act) അപകീര്‍ത്തിപ്പെടുത്തുന്നത് തടയല്‍ നിയമം, 2002 ലെ ഫ്ളാഗ് കോഡ് എന്നിവയാണ് ദേശീയ പതാക സംബന്ധിച്ച നിയന്ത്രണങ്ങള്‍ അനുശാസിക്കുന്ന നിയമങ്ങള്‍.
ഇതുപ്രകാരം രാജ്യത്തെ അപമാനിക്കുന്ന വിധത്തില്‍ പതാകയെ പ്രദര്‍ശിപ്പിക്കരുത്. അഴുക്കും കേടുപാടുകളുമുള്ള പതാക പ്രദര്‍ശിപ്പിക്കുകയോ അതില്‍ എഴുതാനോ പാടില്ല. പതാക തലകീഴായി പ്രദര്‍ശിപ്പിക്കാനും പാടില്ല.
എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാതിരുന്ന കാലത്താണ് ഈ നിയമങ്ങള്‍ എല്ലാം നിര്‍മ്മിക്കപ്പെട്ടതിനാല്‍ മൊബൈല്‍ ഇന്റര്‍നെറ്റിലെ പതാകയുടെ ഉപയോഗം സംബന്ധിച്ച് നിയമങ്ങളിലൊന്നും പ്രതിപാദിക്കുന്നില്ല. അതുകൊണ്ട് തന്നെ പതാകയുടെ ഉപയോഗവും പ്രദര്‍ശനവും സംബന്ധിച്ചുള്ള നിയമങ്ങള്‍ തന്നെയാണ് ഇന്റര്‍നെറ്റിലും ബാധകമാവുക.