സത്യമപ്രിയം

പിണറായിക്ക് നാവ് പണയം വച്ച സെബാസ്റ്റ്യൻ പോളേ, ‘ജനം’ എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും; നിങ്ങളുടെ മാദ്ധ്യമ പ്രവർത്തനമല്ല ഞങ്ങളുടേത്

ജി.കെ. സുരേഷ് ബാബു

സാമൂഹ്യമാദ്ധ്യമങ്ങളിലും പത്രങ്ങളിലും കഴിഞ്ഞ കുറേ ദിവസമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ ഒരുപറ്റം ഇടത് ബുദ്ധിജീവികളും ഇസ്ലാമിക മതമൗലികവാദികളും നടത്തിവന്നിരുന്ന നുണപ്രചാരണം കണ്ടിട്ടും പ്രതികരിക്കാതിരുന്നത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതുകൊണ്ടു മാത്രമായിരുന്നു. മറ്റുള്ളവര്‍ പറയുന്നതിന് മറുപടി പറയാന്‍ പോയാല്‍ നമ്മുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുറയുമെന്ന സംഘപ്രവര്‍ത്തനത്തിലെ പൂര്‍വ്വസൂരികളുടെ അഭിപ്രായം കൊണ്ടാണ്. ഈ പരിപ്പ് ഇവിടെ വേവില്ലെന്ന് ആര്‍ എസ് എസ് ആരംഭിച്ചപ്പോള്‍ കേരളത്തില്‍ പ്രചാരണം നടത്തിയ ഇ എം എസ് നമ്പൂതിരിപ്പാട് അന്തരിച്ചത് അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസമായിരുന്നു എന്നത് ആകസ്മികമാകാം. പക്ഷേ, ആര്‍ എസ് എസ്സിന്റെ പരിപ്പ് ഇന്ത്യയിലുടനീളം വേകുന്നതും വിളമ്പുന്നതും കേരളം മാത്രമല്ല, ഇന്ത്യ മുഴുവന്‍ കണ്ടു.

ഡോ. സെബാസ്റ്റ്യന്‍ പോള്‍ അദ്ദേഹത്തിന്റെ സ്വന്തം ന്യൂസ് പോര്‍ട്ടലില്‍ ജനം ടി വിയ്ക്ക് എതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടി പറയുന്നത് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആയതുകൊണ്ടാണ്. അദ്ദേഹത്തെ 1987 ലാണ് പരിചയപ്പെടുന്നത്. മാതൃഭൂമി കൊച്ചിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്ന കാലത്ത് ജി ഷഹീദ് ആയിരുന്നു കോടതി റിപ്പോര്‍ട്ടര്‍. മിക്കപ്പോഴും വലിയ വാര്‍ത്തകളിലും വലിയ സംഭവങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഷഹീദിന്റെ കൂടെ മറ്റു വാര്‍ത്തകള്‍ക്കായി ഹൈക്കോടതി റിപ്പോര്‍ട്ടിംഗിന് പോകേണ്ട അവസരമുണ്ടായി. അന്ന് റിപ്പോര്‍ട്ടിംഗിന് ജെര്‍മിയാസ് ചേട്ടനും സെബാസ്റ്റ്യന്‍ പോളും അടക്കമുള്ളവര്‍ക്കൊപ്പം ഒന്നിച്ചാണ് പഴയ ബാര്‍ അസോസിയേഷന്‍ കെട്ടിടത്തിന്റെ ചായ്പില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നത്. ഓരോ കോടതിയില്‍ നിന്നും ഓരോരുത്തരും ശേഖരിച്ച വാര്‍ത്തകള്‍ ഒന്നിച്ച് കൊണ്ടുവന്ന് പരസ്പരം പങ്കിട്ടെടുക്കുന്നതായിരുന്നു രീതി. അന്നൊന്നും സെബാസ്റ്റ്യന്‍ പോള്‍ ഇടത് സഹയാത്രികന്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്നില്ല. ഒരു അനുഭാവി മാത്രമായിരുന്നു. പിന്നീട് ഇടത് സഹയാത്രികനായതും പാര്‍ലമെന്റില്‍ എത്തിയതുമൊക്കെ ചരിത്രമാണ്. അദ്ദേഹത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നില്ല. കാരണം, രാഷ്ട്രീയമായി രണ്ട് ധ്രുവങ്ങളിലാണെങ്കിലും അന്നുമുതല്‍ ഇന്നുവരെ വ്യക്തിപരമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാനും എപ്പോഴെങ്കിലുമൊക്കെ ചാനല്‍ ചര്‍ച്ചയിലേക്ക് ക്ഷണിക്കാനും കഴിയുന്ന രീതിയിലുള്ള ബന്ധം തുടരുന്നു.

ഇതിനിടെയാണ് ജനം ടി വി ദുരന്തമുഖത്തെ റിപ്പോര്‍ട്ടിംഗ് നടത്തുന്നത് പഠിക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പോര്‍ട്ടലില്‍ ലേഖനമെഴുതുക മാത്രമല്ല, ലൈവ് പ്രസന്റേഷന്‍ കൂടി നടത്തിയത്. അത് വായിച്ചപ്പോള്‍ മറുപടി പറഞ്ഞില്ലെങ്കില്‍ സെബാസ്റ്റ്യന്‍ പോള്‍ വളരെ മിടുക്കനും ബാക്കിയുള്ളവരൊക്കെ മണ്ടന്മാരും ആണെന്ന് തോന്നും.

എന്താണ് ജനം ടി വിയുടെ റിപ്പോര്‍ട്ടിംഗില്‍ സെബാസ്റ്റ്യന്‍ പോള്‍ കണ്ട പ്രശ്‌നം. അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍, ‘ഒരു ദുരന്തമുണ്ടായാല്‍ രക്ഷാദൗത്യം എന്നതാണ് ആദ്യ കടമ. നിങ്ങള്‍ക്ക് വിമര്‍ശിക്കാം, വിയോജിക്കാം, തെറ്റുകള്‍ ചൂണ്ടിക്കാട്ടാം. പക്ഷേ, മുങ്ങിച്ചാവാന്‍ പോകുന്നവന്റെ വായിലേക്ക് മൈക്ക് തിരുകി പിണറായി വിജയന് എതിരെ നാലെണ്ണം പറയിപ്പിക്കാനുള്ള ശ്രമം അടിമുടി തെറ്റ് തന്നെയാണ്’. സെബാസ്റ്റ്യന്‍ പോളിന്റെ വാക്കുകള്‍ നൂറുശതമാനം ആത്മാര്‍ത്ഥമാണെന്ന് തന്നെ കരുതുന്നു. സെബാസ്റ്റ്യന്‍ പോളിന്റെ നാക്ക് പിണറായി വിജയന്‍ വാടകയ്ക്ക് എടുത്തതാണെന്നും അതിന് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയില്‍ ഉപദേഷ്ടാവ് മുതല്‍ രാജ്യസഭ വരെ എന്തെങ്കിലും തടയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല.

ഇത്തവണത്തെ ദുരന്തത്തില്‍ ആദ്യം രാഷ്ട്രീയം പറഞ്ഞത് ആരാണ്? കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അടയാളങ്ങളുമായി അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് വരരുത് എന്ന് പറഞ്ഞുതുടങ്ങിയ മുഖ്യമന്ത്രിയല്ലേ ദുരന്തമുഖത്ത് ആദ്യം രാഷ്ട്രീയം പറഞ്ഞത്? അതിനുശേഷം ഒരു ദിവസം കഴിഞ്ഞപ്പോ സര്‍ക്കാരിന്റെയും പിണറായിയുടെയും വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതില്‍ എവിടെയാണ് അപാകത? ഡിസാസ്റ്റര്‍ റിപ്പോര്‍ട്ടിംഗിന്റെ മാനദണ്ഡം എവിടെയാണ് തെറ്റിച്ചത്? രാഷ്ട്രീയാഭിമുഖ്യത്തിന്റെ പേരില്‍ ഇടത് മുന്നണിയും പിണറായിയും ചെയ്യുന്നതെല്ലാം, ചെയ്യുന്നതു മാത്രം ശരിയെന്ന് പറഞ്ഞ് അവര്‍ക്ക് ഓശാന പാടുന്നതാണോ മാദ്ധ്യമപ്രവര്‍ത്തനം? ജനങ്ങളുടെ പ്രശ്‌നങ്ങള്‍, സര്‍ക്കാരിന്റെ വീഴ്ചകള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ മറച്ചുവച്ച് അതിനെ വെള്ള പൂശാന്‍ ശ്രമിക്കുന്നതല്ലേ പൈശാചികം. ദുരന്തം നടന്ന് ഇത്രയും ദിവസമായിട്ടും സജീവമാകാത്ത സര്‍ക്കാര്‍ സംവിധാനത്തെ കുറിച്ചും ദുരന്തഭൂമിയിലേക്ക് പോകാത്തത് തുറന്ന് കാട്ടുന്നത് മാദ്ധ്യമപ്രവര്‍ത്തനം അല്ലെന്നു പറഞ്ഞാല്‍ പത്രപ്രവര്‍ത്തനം പഠിച്ചിട്ടുള്ളവര്‍ക്കാര്‍ക്കും അത് ദഹിക്കില്ല.

ജാതിയും മതവും നോക്കാതെ എല്ലാ ദുരന്തമേഖലകളിലും ഒരേപോലെ എത്തിയ സേവാഭാരതി പ്രവര്‍ത്തകര്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയം പറഞ്ഞ മുഖ്യമന്ത്രിയെ ആയിരുന്നില്ലേ സെബാസ്റ്റ്യന്‍ പോള്‍ ആദ്യം തിരുത്തേണ്ടത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പെരുന്നാള്‍ ആഘോഷത്തിന് വെച്ചിരുന്ന വസ്ത്രം മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കിയ സിഐടിയു പ്രവര്‍ത്തകനായ നൗഷാദിനെയും തിരുവനന്തപുരം വ്‌ളാത്താങ്കര ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ആ പോസ്റ്റ്.

പക്ഷേ, അവര്‍ക്കൊപ്പം തന്നെ കോഴിക്കോട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ മുങ്ങിമരിച്ച ലിനുവിനെ കുറിച്ച് ഒരു വാക്ക് പോലും പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ? നൗഷാദ് സിഐടിയുക്കാരന്‍ ആയതുകൊണ്ട് അദ്ദേഹം ചെയ്ത നല്ലകാര്യത്തെ കൂടുതല്‍ അഭിനന്ദിച്ചോട്ടെ. സ്വന്തം കുടുംബത്തെ നോക്കാതെ ദുരന്തമുഖത്തേക്ക് പോയി മുങ്ങിമരിച്ച ലിനു ആര്‍ എസ് എസ്സുകാരന്‍ ആയതുകൊണ്ട്, അല്ലെങ്കില്‍ സേവാഭാരതി പ്രവര്‍ത്തകനായതുകൊണ്ട് ആ ജീവത്യാഗത്തെ പരാമര്‍ശിക്കാതെ അവഗണിക്കുന്നത് നീതിയാണോ? എന്തേ സെബാസ്റ്റ്യന്‍ പോള്‍ ഇത് കണ്ടില്ല.

ലേഖനത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കരുതെന്ന് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വന്ന പ്രചാരണത്തെ കുറിച്ച് പരാമര്‍ശിച്ച് കണ്ടു. പ്രധാനമായി വന്ന രണ്ട് പോസ്റ്റും ആര്‍ എസ് എസ്സുകാരാണ് എന്ന് തോന്നിക്കുംവിധം സി പി എം പ്രവര്‍ത്തകരാണ് ചെയ്തതെന്ന് കണ്ടെത്തിയിട്ടും അക്കാര്യവും സെബാസ്റ്റ്യന്‍ പോള്‍ അറിഞ്ഞില്ല. ഇവിടെയാണ് ഞാനറിയുന്ന പഴയ സെബാസ്റ്റ്യന്‍ പോള്‍ ആത്മാഭിമാനവും നട്ടെല്ലും സി പി എമ്മിന് പണയപ്പെടുത്തി എന്ന് തോന്നുന്നത്.

ജനം ടി വിയില്‍ ചീഫ് എഡിറ്ററായതിനുശേഷം എന്റെ ടീമിന് (ജനം കുടുംബത്തിന്) കൊടുത്ത നിര്‍ദ്ദേശം ധാര്‍മ്മികതയില്ലാത്ത ഒന്നും ചെയ്യരുത് എന്നു തന്നെയാണ്. സത്യത്തെ മുറുകെ പിടിക്കാനും അപ്രിയമായ സത്യങ്ങള്‍ തുറന്ന് പറയാനും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുമാണ് പറഞ്ഞത്. അതാണ് ഇന്ന് പ്രാവര്‍ത്തികമാക്കുന്നതും. ഇത്തവണ പ്രളയദുരന്തം തുടങ്ങി ഇത്രയും ദിവസം മുഖ്യമന്ത്രിക്കോ സംസ്ഥാന സര്‍ക്കാരിനോ എതിരെ ഒരു വാര്‍ത്തയും ജനം ടി വിയില്‍ വന്നിരുന്നില്ല. പക്ഷേ, ഭരണകൂടത്തിന്റെ പരാജയവും നിഷ്‌ക്രിയത്വവും നിസ്സംഗതയും തുറന്നു കാട്ടാനുള്ള ഫോര്‍ത്ത് എസ്റ്റേറ്റിന്റെ ബാധ്യത കിട്ടാന്‍ പോകുന്ന അപ്പക്കഷ്ണങ്ങളുടെ പേരില്‍ ചെയ്യാതിരിക്കുന്നതല്ലേ ചെയ്യാന്‍ പാടില്ലാത്ത മാദ്ധ്യമ ധര്‍മ്മം.

കോരിച്ചൊരിയുന്ന മഴയത്ത് കേരളം പ്രളയത്തില്‍ നീന്തിത്തുടിയ്ക്കുമ്പോള്‍ ശാസ്തമംഗലത്തെ ദുരന്തനിവാരണ അതോറിറ്റി ഓഫീസില്‍ അരമണിക്കൂര്‍ ചെലവഴിച്ച് വന്ന് ഒരുമണിക്കൂര്‍ പത്രസമ്മേളനം നടത്തുന്ന മുഖ്യമന്ത്രിയെ തുറന്നുകാട്ടണ്ടേ? കവളപ്പാറയില്‍ ദുരന്തമുണ്ടായി എത്രയോ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് ആളെത്തിയത്. ഈ പരാജയം തുറന്നുകാട്ടേണ്ടതല്ലേ? ദുരന്തമുഖത്ത് മൂന്നുവയസ്സുള്ള കുഞ്ഞിന് ബിസ്‌ക്കറ്റ് ചോദിക്കുമ്പോള്‍ പെറ്റമ്മയെ ആട്ടിയോടിക്കുന്ന ലോക്കല്‍ സെക്രട്ടറിയെ തുറന്നുകാട്ടേണ്ടതല്ലേ? ദുരിതാശ്വാസ ക്യാമ്പില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കാതെ, കാര്യങ്ങള്‍ ചെയ്യാതെ സര്‍ക്കാരിന്റെ പണം ധൂര്‍ത്തടിക്കുന്നത് തുറന്നുകാട്ടേണ്ടതല്ലേ?

പപ്പുമോനെന്ന് സി പി എമ്മുകാര്‍ കളിയാക്കിയിരുന്ന രാഹുല്‍ഗാന്ധി പോലും ഡല്‍ഹിയില്‍ നിന്ന് തിങ്കളാഴ്ച ദുരന്തമുഖത്ത് എത്തി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററില്‍ പോയ മുഖ്യമന്ത്രി കവളപ്പാറയ്ക്ക് പോയില്ല. കവളപ്പാറയിലെ ദുരന്തബാധിതരെ താമസിപ്പിച്ച ക്യാമ്പിലും പോയില്ല. ചെന്ന ദുരിതാശ്വാസ ക്യാമ്പിലാകട്ടെ, പാവപ്പെട്ട നാട്ടുകാര്‍ക്ക് മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറയാനുള്ള അവസരം നല്‍കിയില്ല. ഇത്രയും കാര്യങ്ങളാണ് മുഖ്യമന്ത്രിക്ക് എതിരായ വിമര്‍ശനം എന്ന നിലയില്‍ ജനം ടി വിയുടെ റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയത്. ജേര്‍ണലിസത്തിന്റെ ഏത് മാനദണ്ഡത്തിലും ഇത്രയും കാര്യങ്ങള്‍ പറയുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയുമോ?

ഇതെക്കുറിച്ച് കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏത് മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ സംവാദത്തിന് തയ്യാറാണ്? ഭരണകൂടത്തിന്റെ പരാജയങ്ങള്‍ തുറന്നുകാട്ടുകയും സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കുകയും ചെയ്യുന്ന ധര്‍മ്മയുക്തമായ കര്‍മ്മമാണ് പത്രപ്രവര്‍ത്തനം. കഴിഞ്ഞ നാല് ദിവസവും ദുരന്തവും ദുരന്തമുഖവും മാത്രം റിപ്പോര്‍ട്ട് ചെയ്ത ജനം ടി വി മുഖ്യമന്ത്രിയുടെ വികലമായ ശൈലി തുറന്നുകാട്ടിയത്, ജനങ്ങള്‍ക്ക് പറയാനുള്ളത് അതേപടി എടുത്തു കാട്ടിയതില്‍ എവിടെയാണ് പിഴവ്? ഡോ. സെബാസ്റ്റ്യന്‍ പോള്‍ തന്റെ രാഷ്ട്രീയക്കണ്ണട മാറ്റിവച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായി ആലോചിച്ചാല്‍ ഇക്കാര്യം ബോദ്ധ്യപ്പെടും.

പത്രപ്രവര്‍ത്തനം സത്യാന്വേഷണമാണ്. അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ നട്ടെല്ല് വളച്ച് കീഴ്‌പ്പെട്ട് നില്‍ക്കുന്നതല്ല. ആര്‍ക്കോ എവിടെയോ ഒളിപ്പിച്ചു വെയ്ക്കാനുള്ളത് കണ്ടെത്തുന്നതാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം, ബാക്കിയൊക്കെ പരസ്യം മാത്രമാണെന്ന നിര്‍വ്വചനം സെബാസ്റ്റ്യന്‍ പോള്‍ ഓര്‍മ്മിക്കണം. പിണറായിക്ക് കുഴലൂതുന്നതിന് പകരം അദ്ദേഹത്തിന്റെ ഭരണത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി സാധാരണക്കാര്‍ക്ക് ഹിതകരമാകും വിധം അവരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റാന്‍ കഴിയുന്നതാണ് പത്രധര്‍മ്മം. ആ പത്രധര്‍മ്മം ഞങ്ങള്‍ അവിരാമം, അനുസ്യൂതം തുടരും.

ഇതിനപ്പുറത്ത് എന്തെങ്കിലും സെബാസ്റ്റ്യന്‍ പോളിന് പഠിപ്പിക്കാന്‍ ഉണ്ടെങ്കില്‍ അത് പഠിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. കാക്കക്കാലിലും കാര്യമുണ്ടെന്ന് കരുതുന്നവരാണ് ഞങ്ങള്‍. പക്ഷേ, സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ട് ജനം ടി വി നടത്തുന്നത് മാദ്ധ്യമപ്രവര്‍ത്തനമല്ലെന്ന് പറയുമ്പോള്‍ അവിടെ തികട്ടി വരുന്നത് പഴയ അടിയന്തിരാവസ്ഥയുടെയും കമ്യൂണിസ്റ്റ് ഇരുമ്പു മറകളുടെയും ഓര്‍മ്മകളാണ്. എല്ലാ ബഹുമാനത്തോടും പറയട്ടെ, ആ പത്രപ്രവര്‍ത്തനം അങ്ങ് കൈയില്‍ സൂക്ഷിച്ചാല്‍ മതി. പിണറായിക്ക് ഛത്രവും ചാമരവുമാക്കാന്‍ ഉപയോഗിക്കാം.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close