കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 69 സ്കൂളുകളിലെ അറ്റകുറ്റ പണികള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായാല്‍ മാത്രമേ സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും കളക്ടര്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ സ്കൂളുകളുടെയും അങ്കണവാടികളുടെയും പണികള്‍ പൂര്‍ത്തിയാക്കേണ്ടത്. എയ്ഡഡ് സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അതത് സ്കൂള്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. പ്രത്യക്ഷത്തില്‍ കേടുപാടുകള്‍ കാണുന്നില്ലെങ്കിലും ഭാവിയില്‍ വിള്ളല്‍ വീഴാന്‍ സാധ്യതയുള്ള സ്കൂളുകളുടേയും തകരാറുകള്‍ പരിശോധിച്ച് പണികള്‍ പൂര്‍ത്തിയാക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
നേരത്തെ, എല്ലാ സ്കൂളുകളുടെയും ഫിറ്റിനസ് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് 69 സ്കൂളുകളുടെ പട്ടിക തയ്യാറാക്കി കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഓരോ സ്കൂളിന്റെയും അപകട ഭീഷണി എന്താണെന്നും കളക്ടറുടെ ഉത്തരവിനോടൊപ്പമുള്ള പട്ടികയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് കോര്പ്പറേഷന്, കുരുവട്ടൂര്‍, ഒളവണ്ണ, കടലുണ്ടി, നന്മണ്ട, തലക്കുളത്തൂര്‍, കാക്കൂര്‍, കായക്കൊടി, വേളം, ചങ്ങരോത്ത്, ചോറോട്, അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, തിരുവള്ളൂര്‍, കാരശ്ശേരി, മാവൂര്‍, കൂരാച്ചുണ്ട്, ഉള്ള്യേരി, ബാലുശ്ശേരി, വില്യാപള്ളി, എടച്ചേരി, നടുവണ്ണൂര്‍, പനങ്ങാട്, ഓമശ്ശേരി, ചക്കിട്ടപ്പാറ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത്.
രണ്ടു ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ദുരന്തനിവാരണ നിയമം സെക്ഷന്‍ 56 പ്രകാരം നടപടിയെടുക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്കൂളിന് അപകടഭീഷണി ഉയര്‍ത്തുന്ന സ്വകാര്യ വ്യക്തികളുടെ മരങ്ങളോ കെട്ടിടമോ വസ്തുക്കളോ ഉണ്ടെങ്കില്‍ അവ ഒഴിവാക്കേണ്ട ഉത്തരവാദിത്തം അതിന്റെ ഉടമകള്‍ക്കാണെന്നും രണ്ടു ദിവസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെയും ദുരന്തനിവാരണ വകുപ്പുപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.