ന്യൂഡല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ
കശ്മീര്‍ ജനത ഇരു കയ്യും നീട്ടി സ്വീകരിച്ചു. കശ്മീര്‍ ജനതയെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലയാണ് തകര്‍ക്കപ്പെട്ടതെന്നും ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
യുവാക്കള്‍ നേതൃത്വനിരയിലേക്ക് വരുന്നതില്‍ താത്പര്യമില്ലാത്തവരാണ് ഇത്രനാള്‍ കശ്മീര്‍ ഭരിച്ചത്. അധികാരം ദൈവികാവകാശമാണെന്നായിരുന്നു അവരുടെ ചിന്താഗതി. ആര്‍ട്ടിക്കിള്‍ 370 കശ്മീരിലെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഭരണത്തിന്റെ സുതാര്യതയും ഉത്തരവാദിത്വവും മറച്ചു പിടിക്കാനുള്ള ഉപാധിയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ജനാധിപത്യം ശക്തിപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിവ് തത്പര കക്ഷികള്‍, രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച ആഗ്രഹിക്കുന്നവര്‍, ഭീകരവാദത്തെ അനുകൂലിക്കുന്നവര്‍ എന്നിവരാണ് സര്‍ക്കാരിന്റെ നടപടിയെ എതിര്‍ത്തതെന്നും
അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ 75 ദിവസത്തിനുള്ളില്‍ രാജ്യത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പണിത അടിത്തറയില്‍ നിന്നാണ് ഇത്രയും വേഗത്തില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.