വാഷിങ്ടണ്‍: ഇന്ത്യ ഇന്ന് പഴയ വികസ്വര രാഷ്ട്രമല്ലെന്നും ഏറെ വികസിച്ച രാജ്യമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയ്ക്കൊപ്പം ഭീമന് സാമ്പത്തിക ശക്തിയായ രാജ്യമാണ് ഇന്ത്യ . അതുകൊണ്ട് തന്നെ ലോകവ്യാപാര സംഘടന ഇന്ത്യയ്ക്ക് ഇനിയും ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു .
യുഎസ് ഉല്പന്നങ്ങള്ക്ക് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തിയത് തെറ്റായി പോയെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങളെ എങ്ങനെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍വചിക്കുന്നതെന്ന് ട്രംപിന്റെ ചോദ്യം മാധ്യമശ്രദ്ധ നേടിയിരുന്നു. ചൈനയ്ക്കും തുര്‍ക്കിയ്ക്കും ഇന്ത്യയ്ക്കും നല്കുന്ന പ്രത്യേക പരിഗണന മുന്‍നിര്‍ത്തിയായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം.
അടുത്തിടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുങ്കം വര്‍ധിപ്പിച്ചിരുന്നു. 24.1 കോടി ഡോളര്‍ അധിക ചുങ്കം ഇതിലൂടെ അമേരിക്കക്ക് ലഭിക്കും. തുടര്‍ന്ന് യു എസിനു മറുപടിയായി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ വസ്തുക്കള്‍ക്ക് ഇന്ത്യ തീരുവ കൂട്ടിയിരുന്നു .
ആദ്യം 20 ഇനങ്ങള്‍ക്ക് ചുങ്കം കൂട്ടാനായിരുന്നു ഇന്ത്യയുടെ നീക്കം. എന്നാല്‍ ഇന്ത്യഅമേരിക്ക ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് 30 ഇനങ്ങള്‍ക്ക് ചുങ്കം ഈടാക്കുന്ന തീരുമാനത്തിലേക്ക് ഇന്ത്യ എത്തിയത്. ഈ മാസം നാലു മുതല്‍ യു എസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തിയ തീരുവ നിലവില്‍ വന്നു .