കോട്ടയം: കോട്ടയം നഗരത്തില്‍ വാഹനാപകടം. ബ്രേക്ക് നഷ്ടമായ ലോറി 7 വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ദുരിതാശ്വാസ സാമഗ്രികളുമായി കോട്ടയം കലക്ടറേറ്റിലേക്ക് വരികയായിരുന്ന വാഹനമാണ് ലോഗോസ് ജംഗ്ഷനു സമീപം അപകടത്തില്‍പ്പെട്ടത്.
ഇടുക്കിയില്‍ നിന്ന് കോട്ടയത്തേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കലക്ടറേറ്റില്‍ നിന്ന് ലോഗോസ് ജംഗ്ഷനിലേക്ക് ഇറക്കം ഇറങ്ങി വരുന്നതിനിടെ ലോറിക്ക് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏഴ് വാഹനങ്ങളില്‍ ഇടിച്ച ശേഷം ട്രാഫിക് ഐലന്‍ഡില്‍ ഇടിച്ചാണ് ലോറി നിന്നത്. ട്രാഫിക് ഐലന്‍ഡില്‍ ഇടിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
മൂന്ന് ഓട്ടോറിക്ഷകള്‍, രണ്ട് കാറുകള്‍, ഒരു ഒമിനി വാന്‍ എന്നിവയുള്‍പ്പെടെ ഏഴ് വാഹനങ്ങളിലാണ് ലോറി ഇടിച്ചത്. അപകടത്തേ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു.