തൃശൂര്‍: നീരൊഴുക്ക് വര്‍ധിച്ചതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് സ്ലൂയിസ് വാല്‍വുകള്‍ കൂടി തുറന്നു. പീച്ചി ഡാമിലെ ഷട്ടറുകള്‍ നാളെ തുറക്കും. ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ജലനിരപ്പ് താഴ്ന്നതോടെ പെരിങ്ങല്‍ കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വുകള്‍ പൂര്‍ണമായും അടച്ചിരുന്നു. സ്പില്‍ വേ ഷട്ടറിലൂടെ മാത്രമായിരുന്നു വെള്ളം ഒഴുക്കികൊണ്ടിരുന്നത്. എന്നാല്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്തതോടെ ജലനിരപ്പ് ക്രമീകരിക്കാനാണ് രണ്ട് സ്ലൂയിസ് വാല്‍വുകള്‍ തുറന്നത്. ഇതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് പത്തു സെന്റിമീറ്റര്‍ ഉയരുമെന്നാണ് നിഗമനം.
പീച്ചി ഡാമില്‍ വെള്ളം പരമാവധി സംഭരണ ശേഷിയോടടുത്തതോടെ 2 ഷട്ടര്‍ നാളെ ഉയര്‍ത്തും. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ചെറിയ തോതില്‍ അധികജലം പുറത്തേക്ക് വിടുന്നത്. 73.45% വെള്ളമാണ് ഡാമില്‍ ഇപ്പോഴുള്ളത്. എന്നാല്‍ ഇതില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു.
അതേ സമയം വെള്ളക്കെട്ട് പരിഹരിക്കാന്‍ ബണ്ട് തുറക്കണമെന്ന് ആവശ്യപ്പെട്ട് അയ്യന്തോള്‍ പഞ്ചിക്കല്‍ പാലത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് വെള്ളക്കെട്ട് നീക്കുന്നതിനായി ബണ്ട് നിയന്ത്രിതമായി പൊളിക്കാമെന്ന് ജില്ലാകളക്ടര്‍ ഉറപ്പ് നല്കി.