കൊടുങ്ങല്ലൂര്‍: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട മലബാറുകാര്‍ക്ക് തങ്ങളുടെ അടുക്കള തിരിച്ചു നല്കാന് കൊടുങ്ങല്ലൂര്‍ നഗരസഭ ജീവനക്കാരുടെ കൂട്ടായ്മ. നഗരസഭയിലെ 75 ജീവനക്കാരാണ് വടക്കന്‍ ജില്ലകളിലെ ദുരിതബാധിത മേഖലയിലേക്ക് അടുക്കള സാമഗ്രികള്‍ വഴി സഹായമെത്തിക്കുന്നത്. പ്രയാസമനുഭവിക്കുന്ന 100 കുടുംബങ്ങള്‍ക്കുള്ള ഒന്നരലക്ഷം രൂപയുടെ പാത്രങ്ങളാണ് നല്‍കുന്നത്.
മലബാറിലെ ജനതയ്ക്ക് ഏത് രീതിയില്‍ സഹായം നല്‍കണമെന്ന ചിന്തയാണ് അവര്‍ തിരികെ വീട്ടിലെത്തുമ്പോള്‍ അവര്‍ക്കാവശ്യമായ പാത്രങ്ങളും ആവശ്യസമഗ്രികളും നല്‍കാമെന്ന തീരുമാനത്തിലേയ്ക്ക് നയിച്ചത്. കലം, ചീനച്ചട്ടി, ചായപ്പത്രം, സോസ് പാന്‍, പ്ളേറ്റ്, ഗ്ലാസ്, തവി, ചെരുവം തുടങ്ങിയ സാധനങ്ങളാണ് മലബാറിലേക്ക് എത്തിക്കുക. പൊതുജനങ്ങള്‍ക്ക് കൂടി പങ്കുചേരാവുന്ന വിധത്തിലായിരുന്നു ഈ ഉദ്യമം ആരംഭിച്ചത്.
പുതിയവ വാങ്ങാനുള്ള പണം നല്‍കിയും പുതിയ പാത്രങ്ങള്‍ വാങ്ങി നല്‍കിയും വീട്ടിനുള്ളിലെ ഉപയോഗിക്കാത്ത പാത്രങ്ങള്‍ നല്‍കിയുമാണ് ഓരോരുത്തരും സഹകരിച്ചത്. പാത്രങ്ങള്‍ കൂടാതെ മരുന്നും വസ്ത്രവും നല്‍കിയവരുമുണ്ട്. പാത്രങ്ങളുമായി നാളെ രാവിലെ നഗരസഭയില്‍ നിന്ന് വണ്ടി പുറപ്പെടും.