തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിലെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി നസീം എന്നിവരെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുക. ജില്ലാ ജയിലില്‍ നിന്നും മാറ്റണമെന്നുള്ള പ്രതികളുടെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജയില്‍ മാറ്റത്തിന് ഉത്തരവിട്ടത്. ജില്ലാ ജയിലില്‍ അസുഖങ്ങള്‍ പടരുന്നതിനാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു പ്രതികള്‍ ആവശ്യപ്പെട്ടത്.
ജയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് ശിവരഞ്ജിത്തുള്പ്പടെ ആറ് പ്രതികള്‍ നല്കിയ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. പ്രതികളുടെ ആവശ്യം അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹര്‍ജി തള്ളിയത്.
ജൂലൈ 12 നാണ് എസ്.എഫ്.ഐക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ അഖിലിന് കുത്തേറ്റത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രതികളെ പോലീസ് പിടികൂടി. അഖിലിനെ കുത്തിയ കത്തിയും യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും നേതൃത്വത്തില്‍ 20 അംഗ സംഘമാണ് കുത്തിയതെന്ന് അഖില്‍ മൊഴി നല്‍കിയിരുന്നു