ന്യൂഡല്‍ഹി: കൊല്‍ക്കത്ത മുന്‍ മേയറും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ സോവന്‍ ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ ബിജെപി മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയുടെയും, ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെയും സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു വെച്ചാണ് സോവന്‍ ചാറ്റര്‍ജി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മമത ബാനര്‍ജി സര്‍ക്കാരിലെ മുന്‍ മന്ത്രികൂടിയായിരുന്നു സോവന്‍ ചാറ്റര്‍ജി.
ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയിലേക്കെത്തിയത്. 1998 ല്‍ മമത ബാനര്‍ജിയോടൊപ്പം ചേര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച മുതിര്‍ന്ന നേതാവും എംപിയുമായിരുന്ന മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായത്.
നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അനുപം ഹസ്ര ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ നൗപാര എംഎല്‍എയായ സുനില്‍ സിംഗും ഒപ്പം അന്‍പതോളം കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു. ബോഗോണിലെ തൃണമൂല്‍ എംഎല്‍എ ബിശ്വജിത് ദാസും 12 കൗണ്‍സിലര്‍മാരും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിനു ശേഷം വലിയ പ്രതിസന്ധിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേരിടുന്നത്.