India

ജമ്മുവിലും ലഡാക്കിലും വരുത്തിയ മാറ്റങ്ങള്‍ കശ്മീര്‍ ജനതയ്ക്ക് എക്കാലവും ഗുണം ചെയ്യും: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ ആ മേഖലകള്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നുള്ള തങ്ങളുടെ സഹപൗരന്മാര്‍ അനുഭവിക്കുന്ന അതേ അവകാശങ്ങളും അധികാരങ്ങളും സൗകര്യങ്ങളും അനുഭവിക്കാന്‍ ജനങ്ങളെ അവ സഹായിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയില്‍ നാം 72 വര്‍ഷം പൂര്‍ത്തിയാക്കുന്നത് ഒരു പ്രത്യേക സന്ദര്‍ഭത്തിലാണ്.ഏതാനും ആഴ്ചകള്‍ക്കകം, ഒക്‌ടോബര്‍ 02 ന്, എല്ലാത്തരം അസമത്വങ്ങളില്‍ നിന്നും നമ്മുടെ സമൂഹത്തെ നവീകരിക്കാനുള്ള നിരന്തര പരിശ്രമങ്ങള്‍ക്കും നമ്മുടെ രാജ്യത്തെ സ്വതന്ത്രമാക്കിയതിലെ വിജയകരമായ ഉദ്യമങ്ങള്‍ക്കും വഴിവിളക്കായിരുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം നാം ആഘോഷിക്കുമെന്നും രാഷ്ട്രപതി ഡല്‍ഹിയില്‍ പറഞ്ഞു. ഭാരതത്തിന്റെ 73ാം സ്വാതന്ത്ര്യദിനത്തിന് ആശംസകള്‍ നേര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഇന്ത്യയില്‍ നിന്ന് തികച്ചും ഭിന്നമാണ് സമകാലീന ഇന്ത്യ. അങ്ങനെയാണെങ്കില്‍ പോലും ഗാന്ധിജി ഇപ്പോഴും അങ്ങേയറ്റം പ്രസക്തമാണ്. പ്രകൃതിയുമൊത്ത് സമരസപ്പെട്ട് ജീവിക്കുന്നതിലും, പാരിസ്ഥിതിക സംവേദനക്ഷമതയിലും, ദീര്‍ഘകാല നിലനില്‍പ്പിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദഗതികള്‍ക്ക് നമ്മുടെ കാലഘട്ടത്തില്‍ വെല്ലുവിളികളുടെ സമ്മര്‍ദ്ദം ഉണ്ടാകുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു.

അവശത അനുഭവിക്കുന്ന നമ്മുടെ സഹപൗരന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ട ക്ഷേമ പരിപാടികള്‍ക്ക് നാം രൂപം നല്‍കുമ്പോഴും, അവ നടപ്പിലാക്കുമ്പോഴും സൗരോര്‍ജ്ജത്തെ പുനരുപയോഗ ഊര്‍ജ്ജമാക്കി മാറ്റുമ്പോഴും നാം ഗാന്ധിയന്‍ തത്വചിന്തയെ പ്രാവര്‍ത്തികമാക്കുകയാണ് ചെയ്യുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉദ്യമമായ 17ാം പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഈ വേനല്‍ക്കാലത്ത് ഭാഗഭാക്കായിരുന്നു. ഏറെ ആവേശത്തോടെ അവര്‍ പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ എത്തിച്ചേരുകും തങ്ങളുടെ സമ്മതിദാന അവകാശത്തോടൊപ്പം സമ്മതിദാന ഉത്തരവാദിത്തവും അവര്‍ പ്രകടമാക്കുകയും ചെയ്തു. ഇതിന് ഇന്ത്യയിലെ സമ്മതിദായകര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കോവിന്ദ് പറഞ്ഞു.

ഓരോ തിരഞ്ഞെടുപ്പും ഒരു പുതിയ തുടക്കം കുറിക്കുന്നു. ഇന്ത്യയുടെ കൂട്ടായ പ്രതീക്ഷകളുടെയും, ശുഭാപ്തി വിശ്വാസത്തിന്റെയും പുതുക്കലാണ് ഓരോ തിരഞ്ഞെടുപ്പും.ഇനി നാം ഏവരും, ഇന്ത്യയിലെ എല്ലാവരും ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും നമ്മുടെ അരുമയായ രാഷ്ട്രത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുകയുമാണ് വേണ്ടതെന്നും രാഷ്ട്രപതി പൗരന്മാരോട് ആഹ്വാനം ചെയ്തു.

866 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close