India

ഏകത്വത്തിന്റെ പൊന്‍നൂല്‍

”സര്‍വ്വേപി സുഖിന സന്തു” എന്നു പ്രാര്‍ത്ഥിച്ച പാരമ്പര്യമുള്ള മഹത്തായ സംസ്‌കാരത്തിന്റെ സവിശേഷമായ ഉത്സവങ്ങളിലൊന്നാണ് രക്ഷാ ബന്ധനം . പൌരാണികമായും സമകാലികമായും പ്രാധാന്യമര്‍ഹിക്കുന്ന ഈ ഉത്സവം ഭാരത ജനതയുടെ ഒരുമയുടെ ഉത്സവമായിരുന്നു . ശ്രാവണ മാസത്തിലെ പൌര്‍ണ്ണമി നാള്‍ ജാതി മത വര്‍ഗ രാഷ്ട്രീയ ഭേദമെന്യേ ഭാരതീയര്‍ ഈ ഉത്സവം ആഘോഷിക്കുന്നു .നാമമാത്രമായി പാകിസ്ഥാനിലും വിപുലമായി നേപ്പാളിലും രക്ഷാബന്ധന്‍ ആഘോഷിക്കാറുണ്ട് .

ഐതിഹ്യങ്ങളിലും ചരിത്രത്തിലും രക്ഷാബന്ധന് ഒരൊറ്റ മാനമേ ഉണ്ടായിരുന്നുള്ളൂ.. അത് സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സുരക്ഷയുടേതുമായിരുന്നു . അതിന്റെ ഏറ്റവും തീഷ്ണമായ , ഐതിഹാസികമായ പ്രയോഗം നടന്നത് സ്വാതന്ത്ര്യ സമര കാലത്താണ് .. ചൈതന്യം നഷ്ടപ്പെട്ടു കൊണ്ടിരുന്ന ഒരു രാഷ്ട്രം ബ്രിട്ടീഷുകാരന്റെ നുകത്തിനു കീഴില്‍ തളര്‍ന്നു മയങ്ങുമ്പോള്‍ ജനതയുടെ ആത്മവീര്യമുയര്‍ത്താന്‍ പവിത്രമായ ഭാരതീയ ആഘോഷങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ പുനരുജ്ജീവിപ്പിച്ചു..

അരവിന്ദ ഘോഷും റാഷ് ബിഹാരിയും തിലകനും വീര സവര്‍ക്കറും ഖുദിറാം ബോസുമടക്കം എണ്ണമറ്റ ധീരന്മാര്‍ സിഹഗര്‍ജ്ജനം മുഴക്കി അടര്‍ക്കളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു . വന്ദേമാതര മന്ത്രധ്വനികള്‍ നാടെങ്ങും പ്രതിദ്ധ്വനിച്ചപ്പോള്‍ മുട്ടു വിറച്ച ബ്രിട്ടീഷ് ഭരണകൂടം രാഷ്ട്രത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ വേണ്ടി 1905 ഇല്‍ ബംഗാള്‍ വിഭജിച്ചു .

എന്നാല്‍ സ്വാതന്ത്ര്യ ദാഹികളായ സിഹങ്ങളെ പിടിച്ചു കെട്ടാന്‍ വിഭജനമെന്ന ഉമ്മാക്കിക്കായില്ല .വയലേലകളിലും തെരുവോരങ്ങളിലും കൂടൂതലുച്ചത്തില്‍ വന്ദേമാതരം മുഴങ്ങി , പണിസ്ഥലങ്ങളും കളിസ്ഥലങ്ങളും അടുക്കളകള്‍ പോലും ഭാരതമാതാവിന്റെ ജയമുദ്‌ഘോഷിച്ചു .. മത ജാതി വര്‍ണ്ണ വര്‍ഗ ഭേദമില്ലാതെ ജനങ്ങള്‍ പരസ്പരം രാഖി ബന്ധിച്ച് സാഹോദര്യവും രാഷ്ട്ര സ്‌നേഹവും ഉയര്‍ത്തിപ്പിടിച്ചു .

നാടെങ്ങും പ്രതിഷേധങ്ങള്‍ മുഴങ്ങി . ഒടുവില്‍ അധികാരിവര്‍ഗ്ഗങ്ങള്‍ ജനതയുടെ രാഷ്ട്രസ്‌നേഹത്തിനു മുന്നില്‍ മുട്ടുമടക്കി . ബംഗാള്‍ വിഭജനം പിന്‍വലിക്കപ്പെട്ടു .രക്ഷാബന്ധന്‍ രാഷ്ട്രബോധത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ പ്രകടമായ ഉദാഹരണമാണത് .സത്യാന്വേഷികളായ പുരാതന ഭാരതീയര്‍ തങ്ങളുടെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പടുത്തുയര്‍ത്തിയ മഹദ് ചിന്തകള്‍ ഒരിക്കലും അപ്രായോഗികമായിരുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു അത് .

ജനതയുടെ ഏകോപനത്തിനു അവരുടെ മനസ്സിലുറങ്ങിക്കീടക്കുന്ന പൈതൃകത്തെ തൊട്ടുണര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ രാഷ്ട്രീയ സ്വയംസേവക സംഘമാകട്ടെ രക്ഷാാബന്ധനത്തെ ജനകീയ ഉത്സവങ്ങളിലൊന്നാക്കി നിലനിര്‍ത്തുകയും ചെയ്തു .ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സാഹോദര്യസ്‌നേഹവും അതുണര്‍ത്താനാവശ്യമായ ഉത്സവങ്ങളും കൂടൂതല്‍ പ്രാധാന്യമുള്ളതായി മാറുന്നു .

ലോകം ഒരു പക്ഷിക്കൂടായിക്കണ്ട ഋഷിപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ , ലോകം അവനവന്റെ സങ്കുചിത ചിന്തയിലൊതുക്കുമ്പോള്‍ സ്‌നേഹവും സാഹോദര്യവും പകര്‍ന്നു നല്‍കുന്ന രക്ഷാബന്ധന്‍ സ്വാര്‍ത്ഥ ചിന്തകളില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിക്കുന്നു. ഒപ്പം എല്ലാം രാഷ്ട്രത്തിനായി സമര്‍പ്പിക്കാനുള്ള ചിന്തകള്‍ ഉണര്‍ത്തുകയും ചെയ്യുന്നു .
എല്ലാവര്‍ക്കും ജനം ടിവി.കോമിന്റെ രക്ഷാബന്ധന്‍ ആശംസകള്‍.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close