ശ്രീനഗര്‍: ഉറിയില്‍ പാകിസ്ഥാന് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പാക് സേനയുടെ സഹായത്തോടെ ഭീകരരെ ഇന്ത്യയിലേക്ക് കടത്താനുള്ള ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. പാകിസ്ഥാന്റെ ഏത് തരം നീക്കങ്ങളും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് സൈന്യം വ്യക്തമാക്കി.
പാകിസ്ഥാന്റെ നീക്കങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉറി, ബരാമുള്ള, അനന്ത്നാഗ് മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ പാകിസ്ഥാന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കശ്മീരിലേക്ക് ഭീകരരെ എത്തിച്ച് സ്വാതന്ത്ര്യദിനത്തില്‍ താഴ്വരയില് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണ് പാകിസ്ഥാന് സൈന്യം ശ്രമിച്ചതെന്നാണ് ലഭിക്കുന്ന സൂചന.