വിവിധ രാജ്യങ്ങളുടെ സംസ്കാരവും, പൈതൃകവും, ആശയങ്ങളും, അറിവുകളും പങ്കുവെക്കുന്ന വേദിയായി ദുബായ് എക്സ്പോ 2020 മാറുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ദുബായ് സൗത്തിലുള്ള എക്സ്പോ 2020 ബ്യുറോ ഓഫീസിൽ ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ അദ്ദേഹത്തെ രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ദുബായ് ബ്യുറോ ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും, ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ദുബായ് കിരീടാവകാശി ഷേഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രോട്ടോകോൾസ് ആൻഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാർട്ടമെന്റ് ഡയറക്ടർ ജനറൽ ഖലീഫ സയീദ് സുലൈമാൻ എന്നിവരും ഷേഖ് മുഹമ്മദിന് ഒപ്പം ഉണ്ടായിരുന്നു. എക്സ്പോ 2020 യുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ, പ്രചാരണ പരിപാടികൾ എന്നിവയുടെ പുരോഗതിയിൽ ഷേഖ് മുഹമ്മദ് തൃപ്തി രേഖപ്പെടുത്തി.
പൊതു സ്ഥലങ്ങളിലും, പാർക്കുകളിലും വിദ്യാർത്ഥികളുടെ സഹകരണത്തോടെ എക്സ്പോ 2020 കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്ഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 21 വരെ നീണ്ടു നിൽക്കുന്ന ദുബായ് എക്സ്പോയിൽ ഇന്ത്യ അടക്കം 192 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.