മലപ്പുറം: മഴക്കെടുതിയില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഒരാഴ്ചയോളമായി നീളുന്ന തെരച്ചിലിനൊടുവില്‍ 31 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുത്ത്. ദുരന്തഭൂമിയായ കവളപ്പാറയില്‍ നിന്നും ഏഴ് മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. 28 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.
മണ്ണിനടിയില്‍ വീടുകള്‍ ഉണ്ടെന്ന് കരുതുന്ന ഭാഗങ്ങളിലും, കവളപ്പാറ റോഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലുമാണ് തെരച്ചില്‍ നടക്കുന്നത്. മിക്ക വീടുകളും മീറ്ററുകളോളം ദൂരെ കവളപ്പാറ റോഡിനു സമീപത്തായാണ് വന്നടിഞ്ഞത്.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 103 ആയി ഉയര്‍ന്നു.
ദുരന്തം നടന്നിട്ട് ഒരാഴ്ചയാവുമ്പോഴും പുത്തുമലയില്‍ ഏഴ് പേര് ഇനിയും മണ്ണിനടിയിലാണ്. തെരച്ചില്‍ ഇന്നും തുടരും.