ന്യൂഡല്‍ഹി: വൈദ്യുത വാഹനങ്ങളോടൊപ്പം പെട്രോള്‍ / ഡീസല്‍ വാഹനങ്ങളും ഇന്ത്യയില്‍ ഒരുമിച്ചു വളരുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വാഹന വ്യവസായ രംഗത്ത് ആശ്വാസകരമായി. പരാമ്പരാഗത സാങ്കേതിക വിദ്യകള്‍ക്കും പുതിയ സാങ്കേതിക വിദ്യകള്‍ക്കും വളരാന്‍ നിരവധി അവസരമൊരുക്കാന്‍ ഇന്ത്യന്‍ വാഹന വിപണിക്ക് കഴിയുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ വാഹന വ്യവസായത്തിലെ കോടിക്കണക്കിന് ആളുകളില്‍ ആത്മവിശ്വാസമേകുമെന്ന് വാഹനവ്യവസായ പ്രമുഖര്‍ പറഞ്ഞു. പുതിയ നയം നടപ്പാക്കുന്നതോടെ കൂടുതല്‍ നിക്ഷേപവും തൊഴില്‍ അവസരങ്ങളും ഉറപ്പാക്കുമെന്ന് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയമിന്റെ പ്രസിഡന്റ് രാജന് വധേര അറിയിച്ചു.
2023 ആകുന്നതോടെ മുച്ചക്ര വാഹനങ്ങളും 2025ല്‍ ചെറിയ ഇരുചക്ര വാഹനങ്ങളും പൂര്‍ണമായും വൈദ്യുതിയില്‍ ഓടുമെന്നുള്ള നീതി ആയോഗിന്റെ ശുപാര്‍ശ വാഹന വ്യവസായത്തെ കടുത്ത ആശങ്ക സൃഷ്ട്ടിച്ചിരുന്നു. ബാറ്ററി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് പെട്രോള്‍-ഡീസല്‍ വാഹന വിരുദ്ധനയം വരുമോയെന്ന് ഭയപ്പെട്ടിരുന്ന വിപണിയ്ക്ക് ആശ്വാസകരമാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന.