ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു നികുതി, ഒരു ഭരണഘടന എന്ന സ്വപ്നം നടപ്പിലാക്കിയെന്നും ഇനിയുള്ളത് ഒരു തിരഞ്ഞെടുപ്പ് എന്ന സ്വപ്നമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ആശംസകള്‍ നേര്‍ന്നു കൊണ്ട് പറഞ്ഞു.
കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന അനുഛേദം 370 റദ്ദാക്കിയതോടെ ഒരു രാജ്യം ഒരു ഭരണഘടന നടപ്പിലാക്കാന്‍ കഴിഞ്ഞു. ഇതിലൂടെ കശ്മീര്‍ ജനതയുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. 370 റദ്ദാക്കാനുള്ള തീരുമാനം ഏകകണ്ഠ്യേന എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. എഴുപത് വര്‍ഷമായി ചെയ്യാനാകാത്തത് 70 ദിവസത്തിനകം നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. എല്ലാ രാഷ്ട്രീയകക്ഷികളും കശ്മീര്‍ വിഷയത്തില്‍ പിന്തുണ നല്‍കിയെന്നും മോദി പറഞ്ഞു.
ഇനി ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനായി രാജ്യത്തെ 130 കോടി ജനങ്ങളും കൂടെ ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജി എസ് ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി. ഇനി നടപ്പിലാക്കാനുള്ളത്് ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന സ്വപ്നമാണ്. അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഭൂരിഭാഗം പാര്‍ട്ടികളും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും തീരുമാനം ഏകകണ്ഠ്യേന എടുക്കുമെന്നും പ്രധാമന്ത്രി പറഞ്ഞു.