ആലപ്പുഴ: മഴ ശമിച്ചിട്ടും വെള്ളക്കെട്ട് ഒഴിയാതെ കുട്ടനാട്. ജലനിരപ്പ് താഴാത്തതിനാല്‍ ജനജീവിതം ദുസ്സഹമായി തുടരുകയാണിപ്പോഴും. പല പ്രദേശങ്ങളിലെയും വീടുകളില്‍ വെള്ളക്കെട്ട് തുടരുകയാണ്. മടവീഴ്ചയെ തുടര്‍ന്ന വീടുകളില്‍ വെള്ളം കയറിയതോടെ കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
122 ക്യാമ്പുകളിലായി 28000 പേരാണ് ആലപ്പുഴ ജില്ലയിലുള്ളത്. ജലനിരപ്പ് കുറയാത്ത സാഹചര്യമായതിനാല്‍ നിലവില്‍ ക്യാമ്പുകളിലുള്ളവര്‍ തിരിച്ച് വീടുകളിലേക്ക് മടങ്ങാന്‍ ഇനിയും സമയമെടുക്കും. കഴിഞ്ഞ ദിവസം രാത്രി കൈനകരിയിലെ രണ്ട് പാടശേഖരങ്ങളില്‍ കൂടി മടവീഴ്ചയുണ്ടായിട്ടുണ്ട്. മടവീഴ്ചയില്‍ ഇതുവരെ 2708 ഹെക്ടറിലെ നെല്‍കൃഷിയും 2048 ഹെക്ടറിലെ കരകൃഷിയും നശിച്ചു.
വെള്ളക്കെട്ടുള്ളതിനാല്‍ കുട്ടനാട്ടിലെ വാഹനഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ആലപ്പുഴയില്‍ നിന്നും മങ്കൊമ്പ് വരെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ മഴ പെയ്യാതിരിക്കുകയാണെങ്കില് എസി റോഡില്‍ വാഹന ഗതാഗതം സാധ്യമാകും.
അതേസമയം കുട്ടനാട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേയിലെ മണ്ണ് വേഗത്തില്‍ നീക്കം ചെയ്യാന്‍ ജലസേചനവകുപ്പ് തീരുമാനിച്ചുണ്ട്. നീക്കം ചെയ്യുന്ന മണ്ണ് താല്കാലിക ബണ്ട് നിര്‍മിക്കാനാണ് തീരുമാനം.