ന്യൂഡല്‍ഹി:രാജ്യം രക്ഷാബന്ധന് ആഘോഷിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യില്‍ തുടര്‍ച്ചയായ 27 -ാം വര്‍ഷവും രാഖി കെട്ടി പാകിസ്ഥാനി സ്വദേശിനി. കമര്‍ മൊഹസിന്‍ ഷെയ്ക്ക് ആണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുടങ്ങാതെ രാഖി കെട്ടി നല്‍കുന്നത്. തന്റെ സഹോദരന് രാഖി കെട്ടാനുള്ള അവസരം ലഭിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് കമര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നുവെന്നും ഭരണകാര്യങ്ങളില്‍ മികച്ച തീരുമാനമെടുക്കാന്‍ കഴിയട്ടെയെന്നുമാണ് തന്റെ പ്രാര്‍ത്ഥനയെന്നും കമര്‍ വ്യക്തമാക്കി. പാകിസ്ഥാന് സ്വദേശിനിയാണെങ്കിലും ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഇവര്‍ താമസിക്കുന്നത്.
27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി സന്ദര്‍ശിക്കുന്ന സമയത്താണ് ആദ്യമായി മോദിയെ കാണുന്നതും രാഖി കെട്ടി നല്‍കുന്നതും. പിന്നീട് എല്ലാവര്‍ഷവും രക്ഷാബന്ധന് ദിനത്തില്‍ അദ്ദേഹത്തിന് മുടങ്ങാതെ രാഖി കെട്ടി നല്കാറുണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനമായതിനാല്‍ ഈ വര്‍ഷം അദ്ദേഹം തിരക്കിലായിരിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ രക്ഷാബന്ധന് രണ്ട് ദിവസം മുന്‍പ് അദ്ദേഹം വിളിച്ചുവെന്നും കമര്‍ പറഞ്ഞു.
റെഡ് ഫോര്‍ട്ടിലെ സ്വതന്ത്ര്യ ദിന പ്രസംഗത്തിന് ശേഷമാണ് കമറിനൊപ്പം അദ്ദേഹം രക്ഷാബന്ധന് ആഘോഷിച്ചത്.