വയനാട് ; വയനാട്ടിൽ ദുരന്ത ബാധിതർക്ക് കൈത്താങ്ങായി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരാധകരും . രാമന്റെ ആരാധകർ അടങ്ങിയ ഫെയ്സ്ബുക്ക് കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ഭക്ഷ്യ വസ്തുക്കളും ,മരുന്നുകളുമടങ്ങിയ ആദ്യ ലോഡ് കഴിഞ്ഞ ദിവസം വയനാട്ടിലെത്തിച്ചത് .
സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് അവർ സാധനങ്ങൾ സമാഹരിച്ചത് . തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിദേശത്ത് നിന്നുള്ള ആരാധകരും സഹായിച്ചു .
മുപ്പതോളം ചാക്ക് അരി, 300 കിലോ പഞ്ചസാര, മറ്റ് ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയായിരുന്നു ആദ്യ ലോഡ് .
പാഞ്ഞാൾ സ്വദേശി ഷാജി ആനന്ദ്, ഗോവിന്ദ് മുല്ലശ്ശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ഒരു ലോഡിനുള്ള സാധനങ്ങൾ തികഞ്ഞതോടെ കഴിഞ്ഞ ദിവസം രാവിലെ തൃശൂർ പേരാമംഗലത്തെ തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തിന് മുന്നിൽ നിന്നും ലോറി പുറപ്പെടുകയായിരുന്നു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ സ്ഥിരമായി കൊണ്ടുപോകുന്ന ശ്രീദുർഗ്ഗ എന്നു പേരുള്ള രാമരഥം തന്നെയാണ് ചുരം കയറിയത് .
വഴിയിൽ രാമന്റെ ആരാധകർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു സാധനങ്ങളുമായി . കൊണ്ടു വന്ന സാധനങ്ങൾ ആരുടെ പേരിൽ എഴുതണമെന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ,അത് തെച്ചിക്കോട്ട് രാമചന്ദ്രൻ ,പേരാമംഗലം എന്നായിരുന്നു .