കോഴിക്കോട്: മഴക്കെടുതിയില്‍ കോഴിക്കോട് ജില്ലയില്‍ വ്യാപക കൃഷി നാശം. ജില്ലയില്‍ മാത്രം 170 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഓണവിപണിക്ക് വിളവെടുക്കാനായി തയ്യാറാക്കി നിര്‍ത്തിയിരുന്ന കൃഷിയിടങ്ങളാണ് കനത്ത മഴയില്‍ വെള്ളത്തിലായത്. പച്ചക്കറി, നെല്ല്, വാഴ, തുടങ്ങിയ വിളകളാണ് പ്രധാനമായും നശിച്ചത്. കോഴിക്കോട് ജില്ലയില്‍ 280 ഹെക്ടറില്‍ കൃഷിനാശമുണ്ടായെന്നും ഏകദേശം 170 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.
മുപ്പത്തിയാറ് ഹെക്ടര്‍ തെങ്ങും എണ്‍പത് ഹെക്ടറിലധികം വാഴയും 104 ഹെക്ടര്‍ നെല്‍ കൃഷിയും വെള്ളം കയറി നശിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയമുണ്ടാക്കിയ നഷ്ടം ഇതുവരെ നികത്താന്‍ കര്‍ഷകര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ വരള്‍ച്ചയില്‍ കൃഷി നാശം വന്നതിന്റെ നഷ്ടപരിഹാരം പോലും ലഭിക്കാത്ത പല കര്‍ഷകരും ഇത്തവണത്തെ വിള വെള്ളത്തിലായതോടെ ദുരിതത്തിലാണ്.