ശ്രീനഗര്‍ : എം.എസ്. ധോണി ലഡാക്കിലെ സ്വാതന്ത്ര്യ ദിനത്തിൽ ഭാരത ദേശീയ പതാകയുയർത്തി.ഇതോടെ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷം ദേശീയ പതാക ഉയർത്തുന്ന ആദ്യ വ്യക്തിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ലെഫ്റ്റനെന്റ് കേണലുമായ എം.എസ്.ധോണിമാറി .
രണ്ടു ദിവസമായി ലഡാക്കിലെത്തിയ ധോണി ആദ്യം ആർമിയുടെ ആശുപത്രി സന്ദർശിച്ചിരുന്നു .പതാക ഉയര്‍ത്തുന്നതിനായി ഇന്നലെ ലേയില്‍ എത്തിയ ധോണിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്ത ധോണി ലഡാകിലെ ജനങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാനും തയ്യാറായി. സൈനികര്‍ക്കൊപ്പം അദ്ദേഹം ഏറെ നേരം ചിലവഴിച്ചു. നിലവില്‍ ദക്ഷിണ കശ്മീരിലെ 106 ടിഎ ബറ്റാലിയനില്‍ സേവനം അനുഷ്ഠിക്കുകയാണ് ധോണി. ധോണിയുടെ സേവനം ഇന്ന് അവസാനിക്കും.
ധോണി മറ്റ് സൈനികര്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നതെന്നും കടുത്ത പരിശീനങ്ങളോടും ധോണി സഹകരിക്കുന്നുണ്ടെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് ലീവെടുത്ത് സൈനിക പരിശീലനം നേടിയ ധോണിക്ക് ലോകമെമ്പാടും നിന്നും പ്രശംസ ലഭിച്ചിരുന്നു.