ന്യൂഡൽഹി ; മുൻഗാമികളെ പിന്തള്ളി ഇന്ത്യ കണ്ട എക്കാലത്തെയും ജനപ്രിയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ഇന്ത്യ ടുഡേ സർവ്വെ റിപ്പോർട്ട് .
ഇന്ത്യാ ടുഡേയും കാർവി ഇൻസൈറ്റും ചേർന്ന് നടത്തിയ മൂഡ് ഒഫ് ദി നേഷൻ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . സർവേയിൽ പങ്കെടുത്ത 37 ശതമാനം പേരും മോദിയാണ് ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയെന്ന് അഭിപ്രായപ്പെട്ടു . ഇന്ദിരാ ഗാന്ധിയാണ് തൊട്ടു പിന്നിൽ . 14 ശതമാനം പേരാണ് ഇന്ദിരയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത് .
19 സംസ്ഥാനങ്ങളിലെ 194 നിയമസഭ മണ്ഡലങ്ങളിലും , 97 പാർലമെന്റ് മണ്ഡലങ്ങളിലുമാണ് സർവ്വെ നടത്തിയത് . ജൂലൈ 22 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 12,126 പേരാണ് ഈ സർവ്വെയിൽ പങ്കെടുത്തത് . നിലവിൽ നരേന്ദ്ര മോദിയെ അനുകൂലിക്കുന്നവർ 71 ശതമാനമാണ്, 2019 ജനുവരിയിലെ മൂഡ് ഓഫ് നേഷന്റെ പതിപ്പിൽ 54 ശതമാനം പേരായിരുന്നു മോദിയെ അംഗീകരിച്ചത് .
സർവ്വെയിൽ പങ്കെടുത്ത 41 ശതമാനം പേർ നരേന്ദ്രമോദിയുടെ ഭരണം വളരെ നല്ലതാണെന്നാണ് രേഖപ്പെടുത്തിയത് . അതേ സമയം പ്രതിപക്ഷത്തെ നയിക്കാൻ രാഹുലിനു കെൽപ്പില്ലെന്നും മമത ബാനർജി പ്രതിപക്ഷ നേതാവാകുന്നതാണ് ഒരു പരിധി വരെ കോൺഗ്രസിനു നല്ലതെന്നും റിപ്പോർട്ടിൽ പറയുന്നു .