കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ ഇത്തവണ കോഴിക്കോട് ജില്ലയിലെ എഴുപതിലധികം സ്കൂളുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. മഴ മാറി തുടങ്ങുമ്പോഴേക്കും ക്ലാസുകള്‍ ആരംഭിക്കണമെങ്കില്‍ കേടുപാടുകള്‍ സംഭവിച്ച സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റ പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം.
കോഴിക്കോട് കോര്പറേഷന്, കുരുവട്ടൂര്‍, ഒളവണ്ണ, അത്തോളി, ചെങ്ങോട്ടുകാവ്, മാവൂര്‍, ഉള്ള്യേരി, ചക്കിട്ടപ്പാറ തുടങ്ങിയ മേഖലകളിലായി 70ല്‍ അധികം സ്കൂള്‍ കെട്ടിടങ്ങള്‍ക്കാണ് ഇത്തവണത്തെ കാലവര്‍ഷത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. സ്വകാര്യ വ്യക്തികളുടെ കെട്ടിടമോ വസ്തുക്കളോ മരങ്ങളോ സ്കൂളിന് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കില്‍ അവ ഒഴിവാക്കേണ്ട ഉത്തരവാദിത്വം അതത് സ്വകാര്യ വ്യക്തികള്‍ക്കായിരുന്നു. അതുകൊണ്ട് തന്നെ കേടുപാടുകള്‍ക്ക് കാരണക്കാരായവര്‍ രണ്ടു ദിവസത്തിനകം കേടുപാടുകള്‍ പരിഹരിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടിയെടുക്കാനാണ് നീക്കം.
അറ്റകുറ്റ പണികള്‍ നടത്തി ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ശേഷം മാത്രമെ അപടകടമുണ്ടായ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. അതത് തദ്ദേശ സ്ഥാപനങ്ങളിലെ എന്‍ജിനിയര്‍മാര്‍ തയാറാക്കിയ പട്ടിക പ്രകാരമാണ് സ്കൂളുകളുടെ അറ്റകുറ്റ പണികള്‍ നടക്കുന്നത്.
നഗരത്തിലെ ഗണപത് സ്കൂളിലെ ക്ലാസ് മുറിക്ക് മുകളില്‍ സമീപത്തെ ഹോട്ടലിലെ ഇരുമ്പ് തൂണുകള്‍ വീഴുമ്പോള്‍ കുട്ടികളില്ലാതിരുന്നതാണ് അന്ന് വലിയ അപകടം ഒഴിവാക്കിയത്.