ബംഗ്ലൂരു : കര്‍ണ്ണാടക മുഖ്യമന്ത്രി യദ്യൂരപ്പ ഡല്‍ഹിക്ക് പുറപ്പെട്ടു.രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ മന്ത്രിസഭാ വികസനവും സംസ്ഥാനത്തെ പൊതുവികസന വിഷയങ്ങളുമാണ് ചര്ച്ചചെയ്യാനുള്ളതെന്ന് മാധ്യമങ്ങളെ അറിയിച്ചു.
നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്ന യദ്യൂരപ്പ തുടര്‍ന്ന് റെയില്‍വ്വേ മന്ത്രിയടക്കമുള്ളവരെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. വൈകിട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി മന്ത്രിസഭാ വികസനം ചര്‍ച്ചചെയ്യുമെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി അറിയിച്ചു.
ജൂലൈ 26നാണ് യദ്യൂരപ്പ കര്‍ണ്ണാടകയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.സഭയില്‍ ഭൂരിപക്ഷം തെളിയിച്ചത് 29നാണ് .എന്നാല്‍ ഇതുവരെ ഒരുവകുപ്പു മന്ത്രിമാരേയും തീരുമാനിച്ചിട്ടില്ല. ഇന്ന് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ബംഗ്ലൂരു നഗരത്തിലൊഴിച്ച് മറ്റെല്ലാ ജില്ലകളിലും അതാത് ജില്ലകളിലെ കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്മാരും തഹസില്ദാരുമൊക്കെയാണ് ദേശീയപതാക ഉയര്‍ത്തിയത്.
ആദ്യഘട്ട മന്ത്രിസഭാവികസനത്തില്‍ 10 മുതല്‍ 12 വരെ മന്ത്രിമാരെ മാത്രമേ തീരുമാനിക്കുന്നുള്ളുവെന്നും ബിജെപി സംസ്ഥാനഘടകം അറിയിച്ചു.