സിയൂള്‍ : വീണ്ടും പ്രകോപനപരമായ നടപടിയുമായി ഉത്തരകൊറിയ. മൂന്നാഴ്ച്ചയ്ക്കുള്ളില് ഇത് നാലാം തവണയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്ന് സോളിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.
ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം ഉപേക്ഷിക്കണമെന്ന ഉത്തരകൊറിയയുടെ ആവശ്യം നിരാകരിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രകോപനപരമായ രീതിയില്‍ മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ രംഗത്തെത്തിയത്.
അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം ഉചിതമായ നടപടിയല്ലെന്ന് ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ അമേരിക്കയും ദക്ഷിണകൊറിയയും ഗൗരവപരമായി നിരീക്ഷിച്ച് വരുകയാണ്.