മലപ്പുറം: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന മലപ്പുറം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങളുമായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് കലക്ടര്‍ നിര്‍ദേശങ്ങളെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കു വെച്ചിരിക്കുന്നത്.
പതിനെട്ടുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പ്രത്യേക പരിഗണന നല്‍കേണ്ടത്. തനിച്ച് കുട്ടികളെ ക്യാമ്പില്‍ നിര്‍ത്തേണ്ട സാഹചര്യം ഒഴിവാക്കണമെന്നും കലക്ടര്‍ പറയുന്നു. ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ ഫോട്ടോയും വീഡിയോയും മൊബൈലില്‍ പകര്‍ത്തുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ക്യാമ്പ് കോര്‍ഡിനേറ്ററുടെ അനുവാദമുണ്ടെങ്കില്‍ മാത്രമേ പുറത്തുനിന്നുള്ള ആളുകള്‍ക്ക് ക്യാമ്പിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. അതോടൊപ്പം വീട് വൃത്തിയാക്കാനും മറ്റും രക്ഷിതാക്കള്‍ വീട്ടിലേക്ക് പോകുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ചുമതല കോര്‍ഡിനേറ്ററെ ഏല്‍പ്പിക്കുവാനും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോര്‍ഡിനേറ്ററുടെ അനുവാദം ഇല്ലാതെ ഭക്ഷണസാധനങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കുന്നതും കര്‍ശനമായി നിരോധിച്ചു.
കാലവര്‍ഷം കനത്തതിനാല്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിക്കാനുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ക്യാമ്പിലുള്ള കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. ആയതിനാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് അതാതു പ്രദേശത്തെ ഐസിഡിഎസ് സൂപ്പര്വൈസറയോ അംഗന്‍വാടി വര്‍ക്കറെയോ ബന്ധപ്പെടാമെന്നും കലക്ടര്‍ പറഞ്ഞു.