ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഗായകന് അദ്നാന് സമി പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെ പാകിസ്ഥാനില്‍ കടുത്ത വിമര്‍ശനം. മുന്‍ പാകിസ്ഥാന് പൗരനായ സമിയെ മാതൃരാജ്യത്തെ ചതിച്ചവന് എന്ന് വിശേഷിപ്പിച്ചാണ് നിരവധിപേര്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
ആശംസകള്‍ നേര്‍ന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മറുപടിയുമായി സമിയും എത്തിയിരിക്കുകയാണ്.
‘ഇന്ത്യക്കാര്‍ നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നുവെന്ന് പറയുന്നു. അവര്‍ ആദരിക്കുന്നത് സ്വന്തം മാതൃരാജ്യത്തോട് കൂറില്ലാത്ത വ്യക്തിയെയാണ്. സ്വന്തം പിതാവ് യുദ്ധം ചെയ്ത രാജ്യത്തിനോട് എങ്ങനെയാണ് നിങ്ങള്‍ക്ക് പ്രതിപത്തി തോന്നിയതെന്നും’ ഒരാള്‍ ട്വീറ്റ് ചെയ്ത്. ഇതിന് മറുപടിയായി സമി ‘മുഹമ്മദ് അലി ജിന്നയ്ക്ക് സ്വന്തം രാജ്യത്തോട് കൂറില്ലായിരുന്നുവെന്നും അപ്പോള്‍ നമ്മള് അദ്ദേഹത്തെ എന്താണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. എന്റെ പിതാവ് ഇന്ത്യയിലാണ് ജനിച്ചതും മരിച്ചതും ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു.
മാതൃരാജ്യത്തെ ഒറ്റിയവനാണ് താങ്കളെന്നും ഞങ്ങള്‍ക്കാണ് നിങ്ങളെ മടുത്തതെന്നും ഒരാള്‍ കുറിച്ചപ്പോള്‍ സത്യത്തില്‍ നിങ്ങള്‍ക്കല്ലെ മടുത്തതെന്നും അതുകൊണ്ടാണ് ഞാന്‍ അവിടെ നിന്ന് പോയതെന്നും സമി മറുപടി നല്കി.
2016 ജനുവരി ഒന്നിനാണ് സമിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. 15 വര്‍ഷമായി ഇന്ത്യയില്‍ ജീവിക്കുന്ന സമിയുടെ പാകിസ്ഥാന് പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സമി ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുകയുമായിരുന്നു.