ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ജീവഹാനി സംഭവിച്ചിട്ടില്ലായെന്നും വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി ലഘൂകരിക്കുമെന്നും ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രമണ്യം. സമാധാനം കാത്തുസൂക്ഷിക്കുന്നതിനിടയില്‍ ഒരാളുടെ പോലും ജീവന് നഷ്ടപ്പെടുകയോ പരിക്കുകളൊന്നും സംഭവിക്കുകയോ ചെയ്തിട്ടില്ല. നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിക്കാനുള്ള നടപടികളാണ് തങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വെള്ളിയാഴ്ച സാധാരണഗതിയില്‍ തുറന്നു പ്രവര്‍ത്തിച്ചു. അടുത്താഴ്ച മുതല്‍ സ്കൂളുകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.സ്കൂളുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പൊതുഗതാഗതത്തിന് അനുമതി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരുന്നു. ഹാജര്‍നില ഉയര്‍ന്നതായും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകള്‍ ഇപ്പോള്‍ സാധാരണഗതിയിലാണ്. അഞ്ച് ജില്ലകളില്‍ മാത്രമാണ് പരിമിതമായ നിയന്ത്രണങ്ങള്‍ നിലവിലുള്ളത്. ഈ നിയന്ത്രണങ്ങള്‍ വരും ദിവസങ്ങളില്‍ ഇല്ലാതാകും. കര്‍ഫ്യൂ സമയത്ത് മെഡിക്കല്‍ സേവനങ്ങള്‍ക്കും വിതരണങ്ങള്‍ക്കും കുറവുകളില്ലെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിച്ചതായും തീര്‍ത്ഥാടകര്‍ക്ക് ഹജിലേക്ക് പോകാനും മടങ്ങാനുമുള്ള സൗകര്യങ്ങളും തയ്യാറായതായും സുബ്രമണ്യം അറിയിച്ചു.