കൊച്ചി: പി വി അന്‍വര്‍ എം എല്‍ എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ച് നീക്കി വെള്ളം ഒഴുക്കി കളയാന്‍ ഹൈക്കോടതി ഉത്തരവ്. തടയണ നിര്‍മ്മിച്ചവര്‍ തന്നെ അത് പൊളിച്ചു നീക്കാനുള്ള ചെലവ് വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
തടയണ സ്ഥിതിചെയ്യുന്ന കക്കടാംപൊയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. തടയണയില്‍ ഇപ്പോഴും വെള്ളം കെട്ടി നില്‍പ്പുണ്ടെന്നും തടയണയുടെ 10 കിലോമീറ്റര്‍ അപ്പുറത്താണ് ഇത്തവണ ഏറ്റവും വലിയ ദുരന്തമുണ്ടായതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു.
ഇത്രയേറെ ദുരന്തങ്ങള്‍ ഉണ്ടായിട്ടും നമ്മള് എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. തടയണ സ്ഥിതി ചെയ്യുന്ന മേഖലയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നും ജലസേചന വകുപ്പിലേയും ഖനന വകുപ്പിലേയും ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കാളികളാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.