തിരുവനന്തപുരം: പ്രളയഭീതി ഒഴിയുന്ന കേരളത്തിന് ആശ്വാസം. അടുത്ത അഞ്ചു ദിവസത്തേക്ക് കേരളത്തില്‍ മഴ ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്കിയിട്ടില്ലായെന്നും മഴ താരതമ്യേന കുറവായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.അതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ അലേര്‍ട്ടുകളൊന്നും ഇല്ല.
വെള്ളിയാഴ്ച ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയും യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിട്ടുള്ളത്. തമിഴ്നാട് ഭാഗത്ത് രൂപം കൊണ്ട അന്തരീക്ഷച്ചുഴിയുടെ ഭാഗമായാണ് വെള്ളിയാഴ്ച ഇടുക്കിയില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചത്.കേരളാതീരത്ത് ന്യൂനമര്ദ്ദമില്ലാത്തതിനാല് മല്‍സ്യതൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശവും പിന്‍വലിച്ചിട്ടുണ്ട്.
എന്നാല്‍ തെക്കന്‍ തമിഴ്നാട്,കന്യാകുമാരി ഭാഗത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വരെ ആകുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാല്‍ അടുത്ത 24 മണിക്കൂര്‍ തെക്കന്‍ തമിഴ്നാട്, കന്യാകുമാരി പ്രദേശത്ത് മല്സ്യബന്ധനത്തിന്് പോകരുതെന്ന് മല്‍സ്യതൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചു മുതല്‍ നാളെ രാത്രി 11:30 വരെ കുളച്ചില്‍ മുതല്‍ ധനുഷ്കോടി വരെ തിരമാല നാലുമീറ്റര്‍ വരെ ഉയര്‍ന്നേക്കാം എന്ന മുന്നറിയിപ്പും കാലാവസ്ഥാ വിഭാഗം നല്‍കിയിട്ടുണ്ട്.
അതേസമയം കേരളത്തില്‍ ഓഗസ്റ്റ് 20 മുതല്‍ തെക്ക്-പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി മൂലം മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.ഏകദേശം 75 ശതമാനം പ്രദേശത്തും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.