കൊളംമ്പോ:ശ്രീലങ്കയിലെ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹര ആഘോഷത്തില്‍ എഴുന്നള്ളിച്ച തിക്കിരി ആന ചെരിഞ്ഞു. മൃതപ്രായനായ ആനയെ ഉല്‍സവത്തിന് എഴുന്നള്ളിച്ചതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വൈറലായിരുന്നു. ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെ ആനയെ എഴുന്നള്ളിച്ചതിനെതിരെ സേവ് എലിഫന്റ് ഫൗണ്ടേഷന് ഭാരവാഹികളും രംഗത്തു വന്നിരുന്നു.
പട്ടിണി കിടന്ന എല്ലുംതോലുമായ അവസ്ഥയിലായിരുന്നു തിക്കിരി ആനയെ പ്രദക്ഷിണത്തിന് എത്തിച്ചിരുന്നത്. ഭക്ഷണം പോലും നല്‍കാതെ വെടിക്കെട്ടുകൊണ്ടുള്ള പുകയ്ക്കും ശബ്ദകോലാഹലങ്ങള്‍ക്ക് ഇടയിലൂടെ തുടര്‍ച്ചയായി നടത്തിയതും തിക്കിരിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തിയിരുന്നു.
ആരോഗ്യനില വകവെക്കാതെ 70 വയസ് പ്രായമുള്ള ആനയെ പ്രദക്ഷിണത്തില്‍ പങ്കെടുപ്പിച്ചത് അന്വേഷിക്കാന്‍ വനംവന്യജീവി വകുപ്പ് മന്ത്രി ജോണ്‍ അമരാതുംഗ ഉത്തരവിട്ടിരുന്നു. ആനപ്രേമികളുടെ പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പേ തിക്കിരി ഓര്‍മ്മയായി.
പോഷകാഹാരകുറവ് അതിരൂക്ഷമായിരുന്നതിനാല് ആരോഗ്യനില വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് തിക്കിരിയെ ചികില്‍സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വന്യജീവി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ശ്രീലങ്കയുടെ പല മേഖലകളിലും ആനകള്‍ക്കെതിരെ ഇത്തരം ക്രൂരതകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.