ഇസ്ലാമാബാദ് : യുദ്ധമുണ്ടായാൽ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ നയത്തിൽ മാറ്റമുണ്ടാകാമെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി .
ദൗർഭാഗ്യകരമായ പ്രസ്താവനയാണത് . നെഹ്രു വിഭാവനം ചെയ്ത ഇന്ത്യ ഇങ്ങനെയായിരുന്നില്ല . അതിനെ മാറ്റി മറിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി .
സമാധാനപരമായ ഇന്ത്യയെയാണ് നെഹ്രു വിഭാവനം ചെയ്തിരുന്നത് . സൈനിക ശക്തിയേക്കാൾ സമാധാനശക്തിയാണ് വലുതെന്നും നെഹ്രു പറഞ്ഞിരുന്നു ,എന്നാൽ ഇന്ന് അതൊക്കെ മോദി മാറ്റി മറിച്ചു .ആയുധങ്ങൾ വാങ്ങി കൂട്ടുന്നതിലാണ് നരേന്ദ്രമോദിയുടെ ശ്രദ്ധ ,ലോക സമാധാനത്തിന് ഭീഷണിയാണത് , അതിർത്തിയിൽ നടക്കുന്നത് ഡോവൽ നയമാണെന്നും ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു .
യു എൻ കശ്മീർ വിഷയം പരിഗണിച്ചത് തങ്ങളുടെ വിജയമാണെന്ന് പറഞ്ഞ ഖുറേഷി മറ്റ് രാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല .
കഴിഞ്ഞ ദിവസം യു എൻ രക്ഷാ സമിതി കശ്മീർ വിഷയം പരിഗണിക്കവെ പാക് പ്രതിനിധിയെ ഒഴിവാക്കിയിരുന്നു . മാത്രമല്ല ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്തുണ നൽകുകയും ചെയ്തു .