ഹൈദ്രാബാദ്: രാത്രി സമയങ്ങളില്‍ പുറത്തേക്ക് പോകേണ്ടി വന്നിട്ടുള്ളവരാണ് നമ്മളില്‍ പലരും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ തിരികെ വീട്ടിലെത്താന്‍ കഴിയാതെ വഴിയില്‍ അകപ്പെടുന്ന അവസ്ഥയും നമുക്ക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള സന്ദര്‍ഭത്തില്‍ സ്വന്തം ബുദ്ധി ഉപയോഗിച്ച് വീട്ടില്‍ തിരിച്ചെത്തിയ യുവാവാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലെ താരം.
രാത്രി 11.50 ന് ഇന്‍ഓര്‍ബിറ്റ് മാള്‍ റോഡില്‍ ഓട്ടോ കാത്ത് നില്‍ക്കുകയായിരുന്നു യുവാവ്. എന്നാല്‍ ഒരുപാട് നേരം കാത്തു നിന്നിട്ടും ഓട്ടോ കിട്ടിയില്ല. ഊബര്‍ ആപ്ലിക്കേഷന്‍ വഴി ടാക്സി നോക്കിയെങ്കിലും ചാര്‍ജ് 300 രൂപയോളമായിരുന്നതിനാല് അത് ഒഴിവാക്കി. ബുദ്ധിശാലിയായ യുവാവ് ഉടന്‍ തന്നെ സെമാറ്റോയിലൂടെ അടുത്തുണ്ടായിരുന്ന കടയില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.
ഓര്‍ഡര്‍ കളക്റ്റ് ചെയ്യാനായി എത്തിയ ഡെലിവറി ബോയിയോട് താനാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തതെന്നും ഡെലിവറി ചെയ്യാനായി പോകുമ്പോള്‍ തന്നെ കൂടി റൂമിലേക്കെത്തിക്കാമോ എന്നും യുവാവ് ചോദിച്ചു. അങ്ങനെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം യുവാവും റൂമിലെത്തി.
5 സ്റ്റാര്‍ റേറ്റിംഗ് നല്‍കണേ എന്ന് ആവശ്യപ്പെട്ട ഡെലിവറി ബോയിക്ക് യുവാവ് 5 സ്റ്റാര്‍ റേറ്റിംഗും നല്കി. പെരുവഴിയിലകപ്പെട്ട തന്നെ വീട്ടിലെത്തിച്ച സൊമാറ്റോയ്ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ യുവാവ് നന്ദിയറിയിക്കുകയും ചെയ്തു.