ഛണ്ഡിഗഡ്: സന്ദീപ് കുമാര്‍ എന്നും വീടുകള്‍തോറും കയറിയിറങ്ങി ഭിക്ഷ യാചിക്കാറുണ്ട്. എന്നാല്‍ പണത്തിനു പകരം പഴയ പുസ്തകങ്ങളാണ് സന്ദീപ് കുമാറിന് വേണ്ടതെന്നു മാത്രം. കിട്ടുന്ന പുസ്തകങ്ങള്‍ എല്ലാം സന്ദീപ് കുമാര്‍ കടയില്‍ എത്തിക്കും. പിന്നീട് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇവ സൗജന്യമായി നല്‍കും.
പുസ്തകം വാങ്ങാന്‍ വരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് പുസ്തകങ്ങള്‍ നല്‍കുന്നത്. പകരം സന്ദീപിന് ഒരു നിബന്ധന മാത്രമെയുളളു. പഠനം പൂര്‍ത്തിയാക്കിയ ശേഷം പുസ്തകങ്ങള്‍ തിരികെ കടയില്‍ എത്തിച്ചിരിക്കണം. വീടുകള്‍ കയറിയുള്ള ശേഖരണത്തിലൂടെ 30000 പുസ്തകങ്ങളാണ് സന്ദീപ് കുമാര്‍ ഇതുവരെ ശേഖരിച്ചിരിക്കുന്നത്. നിലവില്‍ 4000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പുസ്തകം നല്കാന് കഴിഞ്ഞുവെന്ന് സന്ദീപ് കുമാര്‍ പറഞ്ഞു.
ജൂനിയര്‍ ബേസിക് ട്രെയിനിംഗ് കോഴ്സിന്റെ ഭാഗമായി ഭിവാനിയിലെ സര്‍ക്കാര്‍ സ്കൂളില്‍ പരീശലനത്തിന് പോയതാണ് സന്ദീപ് കുമാറിന്റെ ജീവിതം മാറ്റിമറിച്ചത്. വിദ്യാര്‍ത്ഥികളോട് പഠിപ്പിച്ച ഭാഗം എഴുതിയെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ആരുടെ കൈയിലും പുസ്തകങ്ങള്‍ ഇല്ലെന്ന കാര്യം അറിയുന്നത്. പിന്നീട് സംസ്ഥാനത്ത് മിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ അവസ്ഥ ഇതുതന്നെയാണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്നാണ് സന്ദീപിന് പഴയ പുസ്തകങ്ങള്‍ ശേഖരിച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കാമെന്ന ആശയം ഉദിക്കുന്നത്.
മൂന്ന് വര്‍ഷം മുന്‍പാണ് സന്ദീപ് കുമാര്‍ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. അദ്ദേഹം ഒറ്റയ്ക്ക് ആരംഭിച്ച യാത്രയില്‍ ഇന്ന് നഗരത്തിലുടനീളം 200 സന്നദ്ധപ്രവര്‍ത്തകര്‍ ഒപ്പമുണ്ട്.