തിമ്പു : രാഷ്ട്രം ചരിത്രപരമായ പരിവര്‍ത്തനത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വേഗത്തില്‍ ദാരിദ്ര്യത്തെ നിര്‍മ്മാര്‍ജജനം ചെയ്യുകയാണ്. രാജ്യത്തിന്റെ എല്ലാ മേഖലയിലും നടക്കുന്നത് ചരിത്രപരമായ പരിവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാനിലെ റോയല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി ഇന്ത്യയിലാണ്. 500 മില്ല്യണ്‍ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ ഇതിലൂടെ കഴിഞ്ഞു. ഏറ്റവും കുറഞ്ഞ ചിലവില്‍ ജനങ്ങള്‍ക്ക് ഡാറ്റയും സേവനങ്ങളും നല്കാന് രാജ്യത്തിന് കഴിയുന്നുണ്ട്. ഇതിലൂടെ കോടിക്കണക്കിന് ആളുകളുടെ ഉന്നമനമാണ് സാധ്യമാകുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം രണ്ട് മടങ്ങായി വര്‍ധിച്ചു. ഇന്ത്യയിലെ യുവത്വത്തിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ് പല മാറ്റത്തിന്റെയും അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂട്ടാന്റെ പ്രകൃതി ഭംഗിയും ജനങ്ങളുടെ കുലീനതയും ഏവരെയും ആകര്‍ഷിക്കുന്നതാണ്.സമാനമായ മൂല്ല്യങ്ങളും വിശ്വാസങ്ങളുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തിയത്. നൂറുകണക്കിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ പതാകകളേന്തിയാണ് തങ്ങളുടെ ജനപ്രിയ നേതാവിനെ രാജ്യത്തേക്ക് സ്വാഗതം ചെയ്തത്. ഭൂട്ടാന് സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ മോദി മംഗഡേഷു ഹൈഡ്രോ ക്ലോറിക് പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബഹിരാകാശ ഗവേഷണം, വിമാന ഗതാഗതം, ഐടി, വൈദ്യുതി, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട 10 ധാരണാപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പ് വച്ചു. ഇന്ത്യ- ഭൂട്ടാന് സഹകരണം അഞ്ചാം ദശകത്തിലേക്കു പ്രവേശിക്കുന്നതിന്റെ സ്മരണയ്ക്കായി ഭൂട്ടാന് സര്‍ക്കാര്‍ ഇറക്കുന്ന സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി.
രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ സഹായത്തോടെ ഭൂട്ടാനില്‍ ആരംഭിച്ച ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. 5012 കോടി രൂപയുടെ പദ്ധതിയാണ് ഇന്ത്യയുടെ സഹായത്തോടെ ഭൂട്ടാന് പൂര്‍ത്തീകരിച്ചത്. സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംസാരിച്ച ശേഷം ഭൂട്ടാന് പ്രതിപക്ഷ നേതാവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.